ധാന്യക്കലവറയും ഹൃദയഭൂമിയും ബിജെപിക്ക് നിർണായകം, കർഷകവോട്ട് കൊയ്യുമോ ആപ്? 'പൾസ'റിയാൻ പഞ്ചഗുസ്തി

By Savithri TM  |  First Published Jan 8, 2022, 9:33 PM IST

ഈ വർഷം ജൂലൈയിൽ റെയ്സിനാ കുന്നിൽ പുതിയ രാഷ്ട്രപതി അധികാരമേൽക്കും. ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയേയും കണ്ടെത്തണം.  രാഷ്ട്രപതിക്കായുള്ള മത്സരത്തിൽ യുപിയിലെ സംഖ്യ പ്രധാനമാണ്.


ദില്ലി: അങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ അങ്കത്തട്ടൊരുങ്ങി. മാർച്ചിൽ സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിൽ രാജ്യത്തെ ഏറ്റവും നിർണായകമായ ഉത്തർപ്രദേശും ഐതിഹാസികമായ കർഷകസമരത്തിൽ തിളച്ചുമറിഞ്ഞ പഞ്ചാബുമുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നെഞ്ചിടിപ്പേറുകയാണ് ഓരോ മുന്നണികൾക്കും. 2024-ൽ വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ഡ്രസ് റിഹേഴ്സലായി കണക്കാക്കാം ഈ തെരഞ്ഞെടുപ്പുകളെ. ഏറ്റവും കൂടുതൽ ജനം പോളിംഗ് ബൂത്തിലേക്കെത്തുന്ന യുപി തീരുമാനിക്കും രാജ്യത്തിന്‍റെ ഭാവി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും നിർണായകമായ സമരങ്ങളിലൊന്നായ കർഷകസമരത്തിന് വേദിയായ പഞ്ചാബ് എങ്ങനെ വിധിയെഴുതുമെന്നതും രാഷ്ട്രീയകേന്ദ്രങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. 

തെരഞ്ഞെടുപ്പ് തീയതികൾ ഇങ്ങനെ:

Latest Videos

undefined

ഹൃദയഭൂമിയിലാര്?

ദേശീയ രാഷ്ട്രീയത്തിൽ എന്നും നിർണായകമാണ് യുപിയിലെ വോട്ടെടുപ്പ്. രണ്ടായിരത്തി ഇരുപത്തിനാലിന് മുമ്പുള്ള അന്തരീക്ഷത്തെ യുപി സ്വാധീനിക്കും. ഭരണത്തിലുള്ള നാലു സംസ്ഥാനങ്ങൾ നില നിർത്തുക എന്ന വെല്ലുവിളി ബിജെപി നേരിടുമ്പോൾ പിടിച്ചു നിൽക്കാനുള്ള വലിയ അവസരമാണ് കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ്. 

403 സീറ്റുകളാണ് യുപിയിലുള്ളത്. കേവലഭൂരിപക്ഷത്തിന് 202 സീറ്റുകൾ വേണം. ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തിൽത്തന്നെ യുപിയിൽ റെക്കോഡ് സീറ്റുകൾ നേടിയാണ് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ 2017-ൽ അധികാരത്തിലെത്തിയത്. 312 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ യോഗി ദേശീയരാഷ്ട്രീയത്തിൽത്തന്നെ കരുത്തനായി വളർന്നു. 20-30 സീറ്റ് വരെ സ്ഥിരം നേടാറുണ്ടായിരുന്ന കോൺഗ്രസ് കുത്തനെ വീണ്, ഏഴ് സീറ്റിലൊതുങ്ങി. എസ്പിയും ബിഎസ്പിയും യോഗി തരംഗം ഉയർത്തിവിട്ട കാറ്റിൽ പിടിച്ചുനിന്നത് പോലുമില്ല. രാമക്ഷേത്രനിർമാണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടായിരിക്കുമെങ്കിൽ, അതിന്‍റെ ചൂടാറുംമുമ്പ് കൃഷ്ണജന്മഭൂമിയായ മഥുരയിൽ പുതിയ ക്ഷേത്രമെന്ന പ്രചാരണവുമായി ബിജെപി രംഗത്തുണ്ട്. 

യുപിയുടെ തെരഞ്ഞെടുപ്പ് കണക്കുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ:

ഈ വർഷം ജൂലൈയിൽ റെയ്സിനാ കുന്നിൽ പുതിയ രാഷ്ട്രപതി അധികാരമേൽക്കും. ഓഗസ്റ്റിൽ ഉപരാഷ്ട്രപതിയേയും കണ്ടെത്തണം. എന്നാൽ രാഷ്ട്രപതിക്കായുള്ള മത്സരത്തിൽ യുപിയിലെ സംഖ്യ പ്രധാനമാണ്.  വോട്ടെടുപ്പ് നടക്കുന്ന നാലിടങ്ങളിൽ അധികാരം ബിജെപിക്കാണ്. മൂന്നെണ്ണം കൈവിട്ടാൽ പോലും യുപി നഷ്ടപ്പെടാനാവില്ല.  

യുപി ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്തിനായുള്ള മത്സരത്തെ പോലും സ്വാധീനിക്കും. ഇപ്പോൾ നേരിയ മുൻതൂക്കം ബിജെപിക്കുണ്ട്. പ്രതിപക്ഷം ഭിന്നിച്ച് മത്സരിക്കുന്നതിലാണ് ബിജെപിയും പ്രധാനപ്രതീക്ഷ വയ്ക്കുന്നത്. 

അഖിലേഷ് യാദവിന് ഇതുവരെ രാഷ്ട്രീയ ലോക് ദളുമായി മാത്രമേ കൈകോർക്കാൻ ആയിട്ടുള്ളു. ബിഎസ്പിയും കോൺഗ്രസും പ്രതിപക്ഷത്ത് അടർത്തി മാറ്റുന്ന വോട്ടുകൾ ബിജെപിയെ സഹായിക്കും. പ്രധാനമന്ത്രിയെ നേരത്തെ കൊണ്ടു വന്ന് പ്രചാരണം തുടങ്ങിയ ബിജെപി ആത്മവിശ്വാസത്തിലാണ്.

ഇതുവരെ നിശ്ശബ്ദ നീക്കം നടത്തിയ അഖിലേഷ് യാദവിന് ബിജെപിയെ അട്ടിമറിക്കാനായാൽ അത് ദേശീയ രാഷ്ട്രീയത്തെത്തന്നെ മാറ്റി മറിക്കും. അടുത്ത രണ്ടു വർഷം നരേന്ദ്ര മോദി പ്രതിപക്ഷത്തിന്‍റെ വലിയ സമ്മർദ്ദം നേരിടും. ബംഗാളിനു ശേഷം യുപിയിലും തോറ്റാൽ പാർട്ടിയിലും സംഘപരിവാറിലും വെല്ലുവിളി ഉയരും. 

അഖിലേഷ് യാദവിന്‍റെ വിജയം മമതാ മാനർജിയുടെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളെ ഒന്നിച്ചു കൊണ്ടുവരാൻ നടത്തുന്ന നീക്കത്തിനും കരുത്തു പകരും. മറിച്ചെങ്കിൽ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടരും. യോഗി ആദിത്യനാഥ് ഹീറോ ആയി മാറാനും ആ വിജയം ഇടയാക്കും. 

ഉത്തരാഖണ്ഡിൽ കോൺഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അവിടെ വിജയിച്ചില്ലെങ്കിലും  കോൺഗ്രസിന് പഞ്ചാബിലെങ്കിലും പിടിച്ചു നിൽക്കണം. അല്ലെങ്കിൽ പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃത്വം രാഹുൽ ഗാന്ധി പ്രതീക്ഷിക്കേണ്ടതില്ല. എന്തായാലും രണ്ടായിരത്തി ഇരുപത്തിനാലിന് മുമ്പുള്ള ഒരു നിർണായക മത്സരത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. 

ആര് മുഴക്കും പഞ്ചാബിൽ ഭംഗ്ര?

ഏറെ വിവാദമായ മൂന്ന് കർഷകനിയമഭേദഗതികൾക്കെതിരെ 2020-ൽ കർഷകർ കൂട്ടത്തോടെ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഭരണസിരാകേന്ദ്രം ലക്ഷ്യമാക്കി ദില്ലി അതിർത്തികളിലേക്ക് സംഘടിച്ചെത്തിയപ്പോൾ മുതൽ പഞ്ചാബ് തെരഞ്ഞെടുപ്പ് ബിജെപിയുടെ രാഷ്ട്രീയഭാവിയിൽത്തന്നെ നിർണായകമാകുമെന്നുറപ്പായിരുന്നു. പല തവണ ഈ സമരത്തിന്‍റെ ഗതി തിരിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും ഒരു വ‌ർഷത്തോളം ഒരു രാഷ്ട്രീയപാർട്ടിയുടെയും ചട്ടുകങ്ങളാകാതെ, ഉറച്ച നിലപാടെടുത്തു കർഷകർ - കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കൃഷിയും വിളകളും തീറെഴുതാൻ അനുവദിക്കില്ല. 

ഒടുവിൽ പഞ്ചാബ് ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ മോദി ഭരണകൂടം കാർഷികനിയമഭേദഗതികൾ പിൻവലിച്ചു. കോൺഗ്രസിന്‍റെ കയ്യിലുള്ള ഭരണം ഇത്തവണ പോകുമോ എന്നതാണ് പഞ്ചാബിലുയരുന്ന നിർണായക ചോദ്യം. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇപ്പോൾ ബിജെപി പാളയത്തിലാണ്. 

ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മിന്നുന്ന അട്ടിമറി ജയം നേടി, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽത്തന്നെ 20 സീറ്റുകൾ നേടി, ആം ആദ്മി പാർട്ടി ഭരണം പിടിക്കാൻ തന്നെ കച്ചമുറുക്കിയിറങ്ങിയിട്ടുണ്ട്. 

ഐതിഹാസികമായ കർഷകസമരത്തിന് നേതൃത്വം നൽകിയവരിൽ 22 സംഘടനകളെല്ലാം ചേർന്ന് സംയുക്തസമാജ് മോർച്ച എന്ന പാർട്ടി രൂപീകരിച്ചത് കർഷകവോട്ടുകൾ ഭിന്നിക്കുമോ എന്ന ആശങ്കയുണ്ട്. 

കോൺഗ്രസിൽ പാളയത്തിൽ പടയാണ്. ചരൺജീത് സിംഗ് ചന്നിയെന്ന, അത് വരെ സംസ്ഥാനരാഷ്ട്രീയത്തിലെ അതികായനല്ലാതിരുന്ന ഒരു മുഖ്യമന്ത്രിയുടെയും, എന്തും തുറന്നടിക്കുന്ന നവ്ജോത് സിംഗ് സിദ്ദുവെന്ന പിസിസി അധ്യക്ഷന്‍റെയും നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ആര് മുഴക്കും പഞ്ചാബിൽ വിജയത്തിന്‍റെ ഭാംഗ്ര താളമെന്നത് കണ്ടുതന്നെ അറിയണം. ചരൺജീത് സിംഗ് ചന്നി പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ്. ചന്നിക്കെതിരെ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങളുടെ അമ്പെയ്തിട്ടുള്ള നവ്ജോത് സിംഗ് സിദ്ദുവുമായി ചന്നി ഒത്തുപോകുമോ എന്നാണ് കണ്ടറിയേണ്ടത്. 

ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. കേവലഭൂരിപക്ഷത്തിന് 59 സീറ്റുകൾ വേണം. ഈ മണ്ഡലങ്ങളെല്ലാം പ്രധാനമായും മാഝ, ദാവോബ, മാൾവ എന്നീ മേഖലകളിലായി പരന്നുകിടക്കുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റുനില നോക്കാം: 

ഇതിനെല്ലാമിടയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധമുണ്ടാവുകയും 20 മിനിറ്റോളം നേരം വാഹനം ഫ്ലൈ ഓവറിൽ കിടക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായത്. അത് സംസ്ഥാനസർക്കാരിന് നേരെ വലിയ ആയുധമാക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. 

ഇന്ത്യയുടെ പ്രധാനമന്ത്രി പതിനഞ്ച് മിനിറ്റ് വഴിയിൽ കിടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രാജ്യത്തിന്‍റെ ചരിത്രത്തിൽ അപൂർവമാണ് . ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭട്ടിൻഡയിൽ എത്തിയത്. മഴ കാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്കി. എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. പതിനഞ്ച് മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ളൈ ഓവറിൽ കിടന്നു. എസ്പിജി ഉദ്യോഗസ്ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.

മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്‍റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. തിരികെ ഭട്ടിൻഡയിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് രോഷം മറച്ചു വച്ചില്ല. ജീവനോടെ താൻ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു കൊള്ളാൻ വിമാനത്താവളത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. റാലി റദ്ദാക്കിയെന്ന് മന്ത്രി മൻസൂക് മാണ്ഡവ്യ പിന്നീട് ഫിറോസ്പൂരിലെ വേദിയിൽ അറിയിച്ചു.

എന്നാൽ മോദിയുടെ റാലിയിൽ ആളില്ലാത്തതിനാലാണ് പ്രധാനമന്ത്രി റാലി റദ്ദാക്കിയതെന്നാണ് നവ്ജോത് സിംഗ് സിദ്ദു തിരിച്ചടിച്ചത്. പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറയുകയും ചെയ്തു. 

എന്തായാലും കൊടും തണുപ്പിലും തിളച്ചുമറിയുകയാണ് പഞ്ചാബ്. തണുപ്പുകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ വോട്ടുകൾ പെട്ടിയിലാകും. ധാന്യക്കലവറയുടെ വിധിയെന്തെന്നറിയാൻ മാർച്ച് 10 വരെ കാക്കണം. ലോകം ശ്രദ്ധിച്ച കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഉറ്റുനോക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും ഇമേജ് നിലനിർത്താൻ ശ്രമിക്കുന്ന മോദിയും ജീവന്മരണപോരാട്ടം നയിക്കുന്ന കോൺഗ്രസും, ഇതിനിടയിൽ പാളയം മാറ്റിപ്പിടിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗും, അദ്ഭുതജയം പ്രതീക്ഷിക്കുന്ന ആം ആദ്മി പാ‍ർട്ടിയും ഉറ്റുനോക്കുന്നത് എന്ത് രാഷ്ട്രീയസസ്പെൻസാണ് പഞ്ചാബിലെ ജനം തങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതെന്നാണ്. 

click me!