അസമിലെ കരിംഗഞ്ജിൽ തെരഞ്ഞെടുപ്പ് വാഹനം ബ്രേക്ക് ഡൗണായപ്പോൾ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കയറ്റി വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്‌ഥർ നൽകുന്ന വിശദീകരണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്.
ഗുവാഹത്തി: അസമിലെ രതബാരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇവിഎം മെഷീൻ കൊണ്ടുപോയതിനെച്ചൊല്ലി വിവാദമുയർന്നതിനെത്തുടർന്ന്, മണ്ഡലത്തിലെ പോളിംഗ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. സ്ഥലത്തെ പോളിംഗ് സ്റ്റേഷനിൽ റീപോളിംഗ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോളിംഗ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
വോട്ടിംഗ് യന്ത്രം മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയതിനെത്തുടർന്ന് കരിംഗഞ്ച് മണ്ഡലത്തിൽ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. കരിംഗഞ്ജിനടുത്തുള്ള പാതാർഗണ്ഡിയെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണേന്ദു പോളിന്‍റെ ഭാര്യയുടെ വാഹനത്തിലാണ് അർദ്ധരാത്രി ഇവിഎം മെഷീനുകൾ കൊണ്ടുപോയത്. തെരഞ്ഞെടുപ്പ് വാഹനം ബ്രേക്ക് ഡൗണായപ്പോൾ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കയറ്റി വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്‌ഥർ നൽകുന്ന വിശദീകരണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്.
undefined
ഇന്നലെയായിരുന്നു അസമിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
രാത്രി ഒമ്പത് മണിയോടെയാണ് കരിംഗഞ്ജിലെ രതബാരിയിലുള്ള ഇന്ദിര എംവി സ്കൂളിലെ 149-ാം ബൂത്തിലെ ഇവിഎം കയറ്റിക്കൊണ്ടുപോയ വാഹനം ബ്രേക്ക്ഡൗണായത്. സ്ട്രോങ് റൂമിൽ നിന്ന് വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രം തന്നെയായിരുന്നു ഇത്. ഇക്കാര്യം പോളിംഗ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതലയുള്ള സെക്ഷൻ ഓഫീസറെ അറിയിക്കുകയും അവർ പകരം വാഹനം എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
എന്നാൽ രാത്രി 9.20-ഓടെ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരെയുമറിയിക്കാതെ മറ്റൊരു സ്വകാര്യ വാഹനത്തിൽ ഇവിഎമ്മുകൾ കൊണ്ടുപോവുകയായിരുന്നു. AB10BB0022 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ബിജെപി സ്ഥാനാർത്ഥി കൃഷ്ണേന്ദു പോളിന്‍റെ ഭാര്യ മധുമിത പോളിന്‍റേതായിരുന്നു. ഈ വാഹനം തൊട്ടടുത്ത സ്ട്രോങ് റൂമിന് അടുത്തെത്തിയപ്പോഴാണ് മറ്റ് പാർട്ടി പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കുന്നത്. വാഹനം ബിജെപി സ്ഥാനാർത്ഥിയുടേതാണെന്ന് വ്യക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. പൊലീസിന് ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടി വന്നു.
ബിജെപി ബൂത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന വ്യാപക ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർ രംഗത്തെത്തുമ്പോൾ ഇവിഎം വിവാദം കൊഴുക്കുകയാണ് അസമിൽ.