കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.
ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ 3498 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 1,87,62,976 ആയി. ആകെ കൊവിഡ് മരണം 2,08,330 എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31,70,228 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
undefined
തമിഴ്നാട്ടിൽ വ്യാഴാഴ്ച മാത്രം 17,897 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 11,48,064 ആയി. വ്യാഴാഴ്ച 107 പേരാണ് കൊവിഡ് മൂലം മരിച്ചത്. ആകെ 13,933 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona