'സമ്മതമില്ലാതെ സ്ഥാനാര്‍ത്ഥിയാക്കി', ബംഗാളിൽ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യ

By Web Team  |  First Published Mar 19, 2021, 3:01 PM IST

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ബംഗാള്‍ ബിജെപിയിലുയരുന്നത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.


ദില്ലി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബംഗാളിലും ബിജെപിക്ക് മാനന്തവാടി മോഡല്‍ തിരിച്ചടി. സമ്മതമില്ലാതെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യ രംഗത്തെത്തി. മാനന്തവാടിയില്‍ മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്‍വലിക്കേണ്ടി വന്നതിന്‍റെ ജാള്യത തീരും മുന്‍പാണ് സമാനമായ തിരിച്ചടി ബിജെപിക്ക് ബംഗാളിലും ഉണ്ടായത്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സൊമന്‍ മിത്രയുടെ ഭാര്യ ശിഖ മിത്രക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിത്വം വച്ച് നീട്ടിയത്. ടെലിവിഷനില്‍ പ്രഖ്യാപനം കേട്ടിട്ട് വിശ്വാസം വരാത്ത ശിഖ പിന്നീട് ബിജെപിയുടെ ഔദ്യോഗിക വാര്‍ത്ത കുറിപ്പും പരിശോധിച്ചു. കൊൽക്കത്തയിലെ ചൗറീന്‍ ഘീ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് ശിഖയെ പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ ബിജെപിക്കാരിയല്ലെന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശിഖമിത്ര വ്യക്തമാക്കി. 

Latest Videos

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ശിഖ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എന്നാല്‍ കേവലം സൗഹൃദ സംഭാഷണം മാത്രമായിരുന്നു അതെന്നാണ് ശിഖ വ്യക്തമാക്കുന്നത്. ബിജെപിയുടെ മുഖം ഓരോ പട്ടിക വരുമ്പോഴും കൂടുതല്‍ വികൃതമാകുകയാണെമന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ പരിഹസിച്ചു. 

അതേ സമയം 157 പേരുടെ സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാൾ ബിജെപിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ജൽപായിഗുരിയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. ജഗദാലിലും മാൽഡയിലും, നോർത്ത് 24 പർഗാനാസിലും പ്രവർത്തകർ പ്രതിഷേധിക്കുകയും പാർട്ടി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു. ടിക്കറ്റ് നിഷേധിച്ചതിന്റെ  പേരിൽ അസനോളിലെ ബിജെപി നിരീക്ഷകൻ സൗരവ്  സിക്ദാർ എല്ലാ പാർട്ടി സ്ഥാനങ്ങളും രാജിവെച്ചു.പഴയ പ്രവര്‍ത്തകരെ മറന്ന് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരെ കുത്തി നിറച്ചെന്നാണ് ആക്ഷേപം. 

click me!