ഗോഹത്യ, പശുക്കടത്ത് തുടങ്ങിയവ തടയാൻ വേണ്ട നിയമനിർമാണം നടത്തും എന്നൊരു വാഗ്ദാനം മറ്റു മൂന്നിടങ്ങളിലും ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുള്ള ബിജെപി, കേരളത്തിൽ മാത്രം അങ്ങനെ ഒരു കാര്യമേ മിണ്ടിയിട്ടില്ല.
മതംമാറ്റ-ലവ് ജിഹാദ് നിരോധന നിയമം, ക്ഷേത്ര നിർമാണം, പുനരുദ്ധാരണം, ആചാര സംരക്ഷണം, സാമുദായികമായ പരാമർശങ്ങൾ, സമഗ്ര വികസനം - ബിജെപിയുടെ പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലെയും പ്രകടന പത്രികകളിൽ ഏറിയും കുറഞ്ഞും വന്നിട്ടുള്ളതിൽ പൊതുവായിട്ടുള്ളത് മേൽപ്പറഞ്ഞ വിഷയങ്ങളൊക്കെ തന്നെയാണ്. ഈ പ്രകടന പത്രികകൾ തമ്മിൽ താരതമ്യം ചെയ്താൽ ശ്രദ്ധയിൽ പെടുന്ന ഒരു രസകരമായ വസ്തുതതയുണ്ട്. ഗോഹത്യ, പശുക്കടത്ത് തുടങ്ങിയവ തടയാൻ വേണ്ട നിയമനിർമാണം നടത്തും എന്നൊരു വാഗ്ദാനം ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുള്ള ബിജെപി, കേരളത്തിൽ മാത്രം അങ്ങനെ ഒരു കാര്യമേ മിണ്ടിയിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ ബീഫ് പ്രിയം തന്നെയാകും അതിനുള്ള പ്രധാന കാരണം.
ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഫലം ബിജെപിക്ക് വളരെ നിർണായകമാണ്. ദക്ഷിണ ഭാരതം ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപിയുടെ വികസന പദ്ധതികളുടെ ഭാവി ഗതി നിർണയിക്കുന്ന ഒന്നുകൂടിയാവും ഈ ഫലങ്ങൾ.ദക്ഷിണേന്ത്യയിൽ, നിലവിൽ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് നിർണായക സ്വാധീനമുള്ളത്. അസമിൽ ഭരണം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപി, ബംഗാളിൽ തൃണമൂലിന്റെ കയ്യിൽ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ട് ഷെയറിന്റെ കാര്യത്തിലും സീറ്റുകളുടെ എണ്ണത്തിലും കാര്യമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള ബിജെപി ഇത്തവണ ബംഗാളിൽ കാര്യമായ മുന്നേറ്റമുണ്ടാകും എന്നും, ഒരുപക്ഷെ ഭരണം പോലും പിടിച്ചെടുത്തേക്കും എന്നുമുള്ള പ്രതീക്ഷയിലാണ് മുന്നോട്ട് നീങ്ങുന്നത്. തെരഞ്ഞെടുപ്പുകളുടെ ഫലം മെയ് രണ്ടാം തീയതിയാണ് പ്രഖ്യാപിക്കപ്പെടുക.
undefined
പശ്ചിമ ബംഗാളിൽ മാർച്ച് 27 നു തുടങ്ങി ഏപ്രിൽ 29 നു അവസാനിക്കുന്ന രീതിയിൽ പത്ത് ഘട്ടങ്ങളിൽ ആയിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇവിടെ പുറത്തിറക്കിയ പ്രകടന പത്രികയിൽ, ഭൂ മാഫിയ, സാമുദായിക കലാപങ്ങൾ, കന്നുകാലി കടത്ത് എന്നിവ തടയാൻ വേണ്ടി പ്രത്യേക ദൗത്യ സംഘങ്ങളെ നിയോഗിക്കും എന്നുള്ള വാഗ്ദാനമുണ്ട്. സംസ്ഥാനത്തെ ക്ഷയിച്ച അവസ്ഥയിലുള്ള ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാൻ വേണ്ടി നൂറുകോടി നീക്കി വെക്കും എന്നുള്ള വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.
തമിഴ് നാട്ടിൽ ഒറ്റതവണയായി കേരളത്തിനൊപ്പം ഏപ്രിൽ ആറാം തീയതി തന്നെ നടത്താൻ പോകുന്ന തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലുമുണ്ട് ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള വാഗ്ദാനങ്ങൾ. സംസ്ഥാനത്ത് ഭരണത്തിലുള്ള എഐഡിഎംകെയോടൊപ്പം സഖ്യം ചേർന്ന് 20 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. 'തൊലൈ നോക്കു പത്രം' എന്ന പേരിൽ പുറത്തിറക്കപ്പെട്ട പ്രകടന പത്രിക, സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദു മത പണ്ഡിതരും സന്യാസിമാരും അടങ്ങുന്ന സ്‌പെഷ്യൽ ബോർഡിന് കൈമാറും എന്നൊരു വാഗ്ദാനമാണ് മുന്നോട്ടുവെക്കുന്നത്. സാമുദായിക കലാപങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ, മത പരിവർത്തനം വിലക്കുന്ന നിയമങ്ങൾ തുടങ്ങിയയും പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. 1982 ലെ കന്യാകുമാരി കലാപങ്ങളെ തുടർന്നുവന്ന ജസ്റ്റിസ് വേണുഗോപാൽ കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കും എന്നും ബിജെപി തമിഴ്‌നാട്ടിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലും ഗോവധം നിരോധിക്കും എന്നുള്ള പ്രഖ്യാപനമുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് പശുക്കളെ കയറ്റി വിടുന്നത് നിരോധിക്കുമെന്നും ഈ പത്രികയിൽ പറയുന്നു.
അസമിൽ മാർച്ച് 27 നും ഏപ്രിൽ 6 നും ഇടക്ക് മൂന്നു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. അവിടത്തെ ബിജെപിയുടെ പ്രധാന പത്രികാ വാഗ്ദാനം ലവ് ജിഹാദിനെ തടയാൻ വേണ്ട നിയമങ്ങൾ നിർമിക്കും എന്നതാണ്. മാ കാമാഖ്യ ശക്തിപീഠ്, നവഗ്രഹ ക്ഷേത്രം, ശിവഡോൽ എന്നീ ക്ഷേത്രങ്ങൾ അടക്കം സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളും, അവയ്ക്ക് ചുറ്റുമുള്ള നഗരങ്ങൾ സഹിതം പുനരുദ്ധരിക്കും എന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. അധികാരത്തിലേറിയാൽ മത സ്ഥാപനങ്ങളോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലെ ഭൂമി കയ്യേറ്റങ്ങൾ ശക്തമായി തടയും എന്നും വാക്കുനൽകുന്നുണ്ട്.
കേരളത്തിൽ ഏപ്രിൽ ആറാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത് മെട്രോമാൻ ശ്രീധരന്റെ വ്യക്തിപ്രഭാവത്തെയാണ്. ക്ഷേത്ര ഭരണം, സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് വേർപെടുത്തി, സ്വതന്ത്രമാക്കും എന്നതാണ് കേരളത്തിലെ പ്രധാന വാഗ്ദാനം. ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ചും, ആചാര സംരക്ഷണത്തിൽ ഊന്നിയ നിലപാടാണ് ബിജെപിയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ഉണ്ടായത്. ലവ് ജിഹാദിനെക്കുറിച്ചുള്ള പരാമർശങ്ങൾ കേരളത്തിലും സജീവമാണ് എങ്കിലും ഗോവധം, പശുക്കടത്ത് തുടങ്ങിയവയ്ക്കുള്ള നിരോധനവാഗ്ദാനത്തെ കുറിച്ച് കേരളത്തിന്റെ പ്രകടന പത്രികയിൽ മാത്രം ഒരു പരാമർശവും ഇല്ല എന്നത് കൗതുകകരമാണ്.