തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടേതാണ് നിർദ്ദേശം. നേരത്തെ ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിവേദനം നല്‍കിയിരുന്നു.
കൽക്കത്ത: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമബംഗാളിൽ അവസാന രണ്ടു ഘട്ട നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന് നിർദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടേതാണ് നിർദ്ദേശം. നേരത്തെ ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിവേദനം നല്‍കിയിരുന്നു. രോഗവ്യാപനം കൂടിയ സാഹചര്യത്തിലും രാജ്യം ഭരിക്കുന്ന ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പതിനായിരങ്ങളെ അണിനിരത്തി വമ്പൻ റാലികളാണ് സംഘടിപ്പിച്ചത്.
രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സ്ഥിതിഗതികൾ കണക്കിലെടുക്കാതെ നടത്തുന്ന ഇത്തരം റാലികൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ടിഎംസിക്കും കോണ്‍ഗ്രസിനും റാലികൾ വേണ്ടെന്ന് വച്ചു. രാഹുൽ ഗാന്ധി ബംഗാളിലെ റാലി വെട്ടിക്കുറച്ചു. തുടർന്ന് ബിജെപിയും മുതിർന്ന നേതാക്കളടക്കം പങ്കെടുക്കുന്ന റാലിയിൽ മാറ്റം വരുത്തി.
അഞ്ഞൂറ് പേരെ മാത്രമേ അനുവദിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന റാലികൾ നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ ആറാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കും. 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ്, ടിഎംസി മന്ത്രിമാരായ ജ്യോതിപ്രിയ മല്ലിക്, ചന്ദ്രിമ ഭട്ടചാര്യ, സിപിഎം നേതാവ് തൻമയ് ഭട്ടചാര്യ എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്. സുരക്ഷക്കായി 1071 കമ്പനി കേന്ദ്രസേനയെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. 2016 ൽ ഇവിടെ 43 ൽ 32 സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. സിപിഎം മൂന്നും കോൺഗ്രസ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്. ബംഗ്ലാദേശ്, ബിഹാർ അതിർത്തി പ്രദേശങ്ങളിലെ മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂൽ കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്.