പശ്ചിമബംഗാളിൽ ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജൻറ് കുഴഞ്ഞു വീണു മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറ് മണി വരെ സംസ്ഥാനത്ത് 80 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി മമത ബാനർജിയുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഇവർ അറിയിച്ചു.
പശ്ചിമബംഗാളിൽ ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജൻറ് കുഴഞ്ഞു വീണു മരിച്ചു. സമയത്തിന് ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. നദിയയിലും ജയ്പായിഗുഡിയിലും ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കേന്ദ്രസേന പാർട്ടി അനുഭാവികളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
undefined
നാലാംഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ പരാതി നല്കിയ ബിജെപി മമത ബാനർജിക്കെതിരെ നടപടി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ഓഡിയോ സന്ദേശം മമതയ്ക്കെതിരെ ആയുധമാക്കി. നാലുഘട്ടം കഴിഞ്ഞപ്പോഴേക്കും തൃണമൂൽ കോൺഗ്രസ് ഛിന്നഭിന്നമായെന്നും മോദി ആരോപിച്ചു.
കൊവിഡ് വലിയ ഭീഷണിയായി മാറുമ്പോഴും പ്രധാനമന്ത്രിയുടെ റാലികളും അമിത് ഷായുടെ റോഡ് ഷോകളും സംസ്ഥാനത്ത് തുടരാനാണ് ബിജെപി തീരുമാനം. പ്രചാരണം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെ മതിയെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇനി മൂന്നു ഘട്ട വോട്ടെടുപ്പും 9 ദിവസത്തെ പ്രചാരണവുമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്