മൂന്ന് മന്ത്രിമാര്‍ അടക്കം 49 സിറ്റിങ് എംഎല്‍എമാര്‍ക്കാണ് അണ്ണാഡിഎംകെ സീറ്റ് നിഷേധിച്ചത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന രാമനാഥപുരം, ശിവഗംഗ ഉള്‍പ്പടെ 20 സീറ്റുകള്‍ ബിജെപിക്ക് നല്‍കി.
ചെന്നൈ: സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ മുന്‍ മന്ത്രിമാരടക്കം അണ്ണാഡിഎംകെ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി. അണ്ണാഡിഎംകെയുടെ സിറ്റിങ് സീറ്റുകളില്‍ പോലും ബിജെപിക്ക് കൂടുതല്‍ പരിഗണന നല്‍കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സീറ്റ് നിഷേധിച്ച സിറ്റിങ് എംഎല്‍എമാരെ ഒപ്പമെത്തിച്ച് പുതിയ മുന്നണി രൂപീകരിക്കാന്‍ ദിനകരന്‍ നീക്കം തുടങ്ങി.
മൂന്ന് മന്ത്രിമാര്‍ അടക്കം 49 സിറ്റിങ് എംഎല്‍എമാര്‍ക്കാണ് അണ്ണാഡിഎംകെ സീറ്റ് നിഷേധിച്ചത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന രാമനാഥപുരം, ശിവഗംഗ ഉള്‍പ്പടെ 20 സീറ്റുകള്‍ ബിജെപിക്ക് നല്‍കി. മുന്‍ മന്ത്രിമാരുടെ സ്ഥാനാര്‍ത്ഥി പട്ടിക വെട്ടിയാണ് ഇപിഎസ് ഒപിഎസ് നേതൃത്വം സീറ്റ് ബിജെപിക്ക് അനുവദിച്ചത്. പാര്‍ട്ടിക്ക് വേണ്ടി താഴെ തട്ടില്‍ പ്രവര്‍ത്തിച്ച നേതാക്കളെ അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സിറ്റിങ് എംഎല്‍എ രാജവര്‍മ്മന്‍ ടി ടി വി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേര്‍ന്നു. എസ് പ്രഭു, കൈലശെല്‍വന്‍, രത്നസഭാപതി തുടങ്ങി അണ്ണാഡിഎംകെയിലെ മുതിര്‍ന്ന എംഎല്‍എമാരുമായി ദിനകരന്‍ ചര്‍ച്ച നടത്തി. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ദിനകരന്‍ അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കോവില്‍പാട്ടിയില്‍ നിന്നാണ് ജനവിധി തേടുന്നത്. അണ്ണാഡിഎംകെയെ പിളര്‍ത്തി ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ പതനം ഉറപ്പുവരുത്തുമെന്ന അവകാശവാദത്തിലാണ് പ്രചാരണം.