ഫ്രഞ്ച് ഓപ്പണ്‍: ഫോകിനയെ തകര്‍ത്ത് സ്വെരേവ് സെമിയില്‍; വനിതകളില്‍ പവ്‌ല്യുചെങ്കോവയും അവസാന നാലില്‍

By Web Team  |  First Published Jun 8, 2021, 11:41 PM IST

ഫോകിനക്കെതിരെ നേരിട്ട സെറ്റുകള്‍ക്കായിരുന്നു ആറാം സീഡായ സ്വെരേവിന്റെ ജയം. സ്‌കോര്‍ 6-4, 6-1, 6-1. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സീഡില്ലാതാരം സ്വെരേവിന് വെല്ലുവിളി ഉയര്‍ത്തിയില്ല.


പാരീസ്: ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വെരേവ് ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോകിനയെ തകര്‍ത്താണ് അവസാന നാലിലെത്തിയത്. വനിതകളില്‍ അനസ്താസിയ പവ്‌ല്യൂചെങ്കോവ, തമറ ഡിസാന്‍സെക് എന്നിവരും സെമിയിലെത്തി.

ഫോകിനക്കെതിരെ നേരിട്ട സെറ്റുകള്‍ക്കായിരുന്നു ആറാം സീഡായ സ്വെരേവിന്റെ ജയം. സ്‌കോര്‍ 6-4, 6-1, 6-1. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സീഡില്ലാതാരം സ്വെരേവിന് വെല്ലുവിളി ഉയര്‍ത്തിയില്ല. 12.30ന് ആരംഭിക്കുന്ന സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്- ഡാനില്‍ മെദ്‌വദേവ് മത്സരത്തിലെ വിജയിയെയാണ് സ്വെരേവ് സെമിയില്‍ നേരിടുക. മറ്റു ക്വര്‍ട്ടര്‍ മത്സരങ്ങളില്‍ റാഫേല്‍ നദാല്‍ അര്‍ജന്റിനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ നേരിടും. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ മതിയോ ബരേറ്റിനിക്കെതിരെ മത്സരിക്കും.

Latest Videos

കസാഖ്സ്ഥാന്റെ എലേന റിബകിനയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മറികടന്നാണ് റഷ്യന്‍ താരം പവ്‌ല്യുചെങ്കോവ സെമിയിലെത്തിയത്. 7-6, 2-6, 9-7 എന്ന സ്‌കോറിനായിരുന്നു പവ്‌ല്യുചെങ്കോവയുടെ വിജയം. സ്ലോവേനിയന്‍ താരം തമറ ഒന്നിനെതിരെ രണ്ട് സെറ്റിന് സ്‌പെയ്‌നിന്റെ ബഡോസ ഗിബര്‍ട്ടിനെ മറികടന്നു.  സ്‌കോര്‍ 7-5, 4-6, 8-6. 

നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കൊകോ ഗൗഫ് ചെക്കിന്റെ ബര്‍ബോറ ക്രസിക്കോവയെ നേടിടും. മറ്റൊരു ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ ഇഗ സ്വിയടെക് ഗ്രീസിന്റെ മരിയ സക്കറിക്കെതിരേയും കളിക്കും.

click me!