ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: മലയാളിത്തിളക്കം! 4x400 മീറ്റർ റിലേയില്‍ പുരുഷ ടീമിന് അഞ്ചാം സ്ഥാനം

By Web Team  |  First Published Aug 28, 2023, 1:26 AM IST

2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടന്‍ വെങ്കലവും സ്വന്തമാക്കി


ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4x400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇതാദ്യമായായിരുന്നു ഇന്ത്യ ഈയിനത്തില്‍ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടന്‍ വെങ്കലവും സ്വന്തമാക്കി. 2.59.34 മിനുറ്റില്‍ ഫിനിഷ് ചെയ്ത ജമൈക്കയാണ് നാലാമത്.

ഇന്ത്യക്കായി ഫൈനലിനിറങ്ങിയ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മല്‍ എന്നിവർ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം. ഹീറ്റ്സില്‍ കുറിച്ച ഏഷ്യന്‍ റെക്കോർഡ്(2:59.05 മിനുറ്റ്) തിരുത്താന്‍ പക്ഷേ ഫൈനലില്‍ നാല്‍വർ സംഘത്തിനായില്ല. 

Latest Videos

undefined

ഗോള്‍ഡന്‍ ചോപ്ര

അതേസമയം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.17 മീറ്റർ ദൂരവുമായി ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം സ്വന്തമാക്കി. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡിട്ടു. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. ഒറിഗോണില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. 88.13 ആയിരുന്നു അന്ന് ചോപ്ര പിന്നിട്ട ദൂരം. നേരത്തെ ടോക്കിയോ ഒളിംപിക്സിലും ചോപ്ര സ്വർണം സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ഡയമണ്ട് ലീഗ് കിരീടവും സ്വന്തം. 

ഫൈനലില്‍ നീരജ് ചോപ്രയുമായി കടുത്ത മത്സരം കാഴ്ചവെച്ച പാകിസ്ഥാന്‍റെ അർഷാദ് നദീം(87.82 മീറ്റർ) വെള്ളി നേടിയപ്പോള്‍ 86.67 മീറ്ററുമായി ചെക് താരം യാകൂബിനാണ് വെങ്കലം. ഫൈനലില്‍ മാറ്റുരച്ച മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളായ കിഷോർ ജെന അഞ്ചും ഡി.പി മനും ആറും സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതാദ്യമായായിരുന്നു മൂന്ന് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ജാവലിന്‍ ത്രോയുടെ ഫൈനലില്‍ എത്തിയത്. 

Read more: ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര, റെക്കോർഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!