Winter Olympics : ശീതകാല ഒളിംപിക്‌സിന് ഇന്ന് തുടക്കം; ഉദ്ഘാടന- സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും

By Web Team  |  First Published Feb 4, 2022, 11:39 AM IST

ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ (Qi Fabao) ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യന്‍ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് രാജ്യം.


ബെയ്ജിംഗ്: ഇരുപത്തിനാലാമത് ശീതകാല ഒളിംപിക്‌സിന് ചൈനയില്‍ ഇന്ന് തുടക്കം. ബെയ്ജിംഗിലെ ഇരുപത്തിയാറ് വേദികളിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് ഉദ്ഘാടനച്ചങ്ങുകള്‍ തുടങ്ങും. ഉദ്ഘാടന- സമാപനച്ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ (Qi Fabao) ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യന്‍ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് രാജ്യം.

കിളിക്കൂട് സ്റ്റേഡിയത്തിലെ വിസ്മയങ്ങള്‍ കായികലോകം മറന്നിട്ടില്ല. പതിനാല് വര്‍ഷത്തിനിപ്പുറം മഞ്ഞുമലകളില്‍ അത്ഭുതച്ചെപ്പ് തുറക്കാന്‍ ചൈന. കൊവിഡ് ആശങ്കയ്ക്കിടെയും ഒരുക്കങ്ങളെല്ലാം പൂര്‍ണം. 91 രാജ്യങ്ങളിലെ 2871 താരങ്ങള്‍ 109 വിഭാഗങ്ങളില്‍ മാറ്റുരയ്ക്കും. പുതിയതായി ഉള്‍പ്പെടുത്തിയത് ഏഴ് മത്സരങ്ങള്‍. സ്‌കീയിംഗ് താരം ആരിഫ് ഖാന്‍ മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം. 

Latest Videos

undefined

13 മുതല്‍ 16 വരെയാണ് ജമ്മു കശ്മീര്‍ സ്വദേശിയായ ആരിഫ് ഖാന്റെ മത്സരം. കഴിഞ്ഞ തവണ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നു. പതിവുപോലെ ജംബോ സംഘവുമായി അമേരിക്ക. 222 താരങ്ങളെയാണ് അമേരിക്ക മഞ്ഞിലേക്കിറക്കിവിടുന്നത്. സ്‌കേറ്റിംഗ്, സ്‌കീയിംഗ്, ഐസ് ഹോക്കി തുടങ്ങിയവയാണ് പ്രധാന മത്സരയിനങ്ങള്‍. 

സമാപനം ഈമാസം ഇരുപതിന്. പാരാലിംപിക് മത്സരങ്ങള്‍ മാര്‍ച്ച് നാല് മുതല്‍ 13വരെ. 2018ല്‍ നോര്‍വേയായിരുന്നു മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജര്‍മ്മനിയും കാനഡയും രണ്ടുംമൂന്നും സ്ഥാനങ്ങളിലും.

click me!