ബ്രിജ് ഭൂഷണ്‍ സിംഗിനെ പുറത്താക്കണം എന്ന ആവശ്യമാണ് താരങ്ങളുടെ പ്രതിനിധികൾ മന്ത്രിക്ക് മുൻപിൽ വെച്ചത്
ദില്ലി: ലൈംഗികാരോപണവുമായി ബിജെപി എംപിക്കെതിരെ സമരത്തിലുള്ള ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു. കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ താരങ്ങളുടെ പ്രതിനിധികൾ നാലര മണിക്കൂറോളം മന്ത്രിയുമായി സംസാരിച്ചു. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
വ്യക്തിപരമായി ബ്രിജ് ഭൂഷണ്‍ സിംഗിൽ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച മന്ത്രിയോട് 'വ്യക്തിപരമായി അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, പക്ഷേ തങ്ങൾ ഇങ്ങനെ ഒരു കാര്യം കേട്ടിട്ടുണ്ട്' എന്നായിരുന്നു ഗുസ്‌തി താരങ്ങളുടെ പ്രതിനിധികളുടെ മറുപടി. തന്നോട് കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതിൽ പ്രയാസമുണ്ടെങ്കിൽ കായിക മന്ത്രാലയ സെക്രട്ടറി സുജാത ചതുർവേദിയുമായി സംസാരിക്കാം എന്ന് ഇതോടെ മന്ത്രി പ്രതിനിധികളോട് പറഞ്ഞു.
undefined
ബ്രിജ് ഭൂഷണ്‍ സിംഗിനെ പുറത്താക്കണം എന്ന ആവശ്യമാണ് താരങ്ങളുടെ പ്രതിനിധികൾ മന്ത്രിക്ക് മുൻപിൽ ആദ്യം വെച്ചത്. അത് പരിഗണിക്കാമെന്ന് സമ്മതിച്ച മന്ത്രി ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന് വേണ്ടി ഒരു സമിതിയെ വെക്കാമെന്നും അതിൽ താരങ്ങൾ ആവശ്യപ്പെടുന്ന ആളുകളെ ഉൾപ്പെടുത്താമെന്ന നിലപാടുമാണ് സ്വീകരിച്ചത് എന്നറിയുന്നു. എന്നാല്‍ ദേശീയ, സംസ്ഥാന ഫെഡറേഷനുകളെ പിരിച്ചുവിടണം എന്ന ആവശ്യവും താരങ്ങളുടെ പ്രതിനിധികൾ മുന്നോട്ട് വെച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു എന്നാണ് ദില്ലി വൃത്തങ്ങള്‍ നൽകുന്ന സൂചന.
അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ ഷഹീൻ ബാഗ് സമരവുമായി താരതമ്യം ചെയ്ത് ബ്രിജ് ഭൂഷൺ സിംഗ് രംഗത്ത് വന്നു. ഗുസ്തി താരങ്ങൾ നടത്തുന്നത് ഷഹീൻ ബാഗിലേതുപോലുള്ള ധർണയാണ് എന്നാണ് സിംഗ് പറഞ്ഞത്. പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ഇപ്പോൾ സായ് ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, കായിക മന്ത്രാലയ സെക്രട്ടറി സുജാത ചതുർവേദി എന്നിവർ അനുരാഗ് ഠാക്കൂറിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തുന്നുണ്ട്.
ബ്രിജ് ഭൂഷണെതിരെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷക്ക് പരാതി നല്‍കി ഗുസ്തി താരങ്ങള്‍