പിഎസ്‌ജി അഭ്യൂഹങ്ങള്‍ കത്തുമ്പോഴും മെസി എവിടെ; എപ്പോള്‍ പാരീസിലെത്തും

By Web Team  |  First Published Aug 10, 2021, 11:03 AM IST

ലിയോണല്‍ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിലാണ് വഴിപിരിഞ്ഞത്


ബാഴ്‌സലോണ: പാരീസിലേക്കുളള ലിയോണല്‍ മെസിയുടെ യാത്ര വൈകുന്നു. പിഎസ്ജിയിൽ താരത്തിന്‍റെ അവതരണം ഇന്നുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ലിയോണല്‍ മെസി ഇപ്പോഴും ബാഴ്‌സലോണയിലെ വീട്ടില്‍ തുടരുകയാണ്. ഉറ്റ ചങ്ങാതി സുവാരിനൊപ്പമാണ് മെസിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസിയും അദേഹത്തിന്‍റെ പിതാവും അഭിഭാഷകരും ഇപ്പോഴും കരാര്‍ സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം മെസി ബാഴ്‌സയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നതായി അര്‍ജന്‍റൈന്‍ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

Latest Videos

പിഎസ്‌ജി മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കും എന്നാണ് സൂചന. പാരീസില്‍ മെസിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലും ക്ലബ് ആസ്ഥാനത്തും ആയിരക്കണക്കിന് ആരാധകര്‍ കാത്തിരിക്കുകയാണ്. എപ്പോള്‍ താരം പാരീസില്‍ എത്തും എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എങ്കിലും പിഎസ്‌ജിയിലേക്ക് തന്നെ മെസി നീങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മെസിയെ സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാന്‍ പിഎസ്‌ജി തയ്യാറാണ് എന്നുതന്നെയാണ് മനസിലാക്കേണ്ടത്. 

കണ്ണീര്‍ക്കടല്‍ മെസി-ബാഴ്‌സ വഴിപിരിയല്‍ 

ലിയോണല്‍ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിലാണ് വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു. 

ബാഴ്‌സയിലെ വിടവാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടിക്കരഞ്ഞു ലിയോണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. ബാഴ്‌സലോണയോടുള്ള ആത്മബന്ധം വ്യക്തമാക്കി വൈകാരികമായിരുന്നു മെസിയുടെ ഓരോ വാക്കുകളും. 'കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു' എന്നും വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞു. 

അഭിമാനതാരത്തെ വരവേല്‍ക്കാന്‍ കേരളം; ശ്രീജേഷ് വൈകിട്ട് കൊച്ചിയില്‍, വമ്പന്‍ സ്വീകരണം

ദില്ലിയിലെ സ്വീകരണം അമ്പരപ്പിച്ചു, ടോക്കിയോയിലെ മോശം പ്രകടനത്തിന് കാരണം കാലാവസ്ഥ: കെ ടി ഇർഫാൻ

ടോക്കിയോ ടു പാരീസ്; ഒളിംപിക്‌സ് പതാക ഫ്രഞ്ച് തലസ്ഥാനത്ത്, 2024ല്‍ കാത്തിരിക്കുന്നത് ഉദ്‌ഘാടന സര്‍പ്രൈസ്?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!