കൊവിഡ് പ്രതിസന്ധി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഒളിംപിക്‌സിൽ ഇന്ത്യ എക്കാലത്തേയും മികച്ച പ്രകടനം നടത്തിയാണ് മടങ്ങുന്നത്
ലണ്ടന്‍: ഒളിംപിക്‌സ് ചരിത്രത്തിലെ റെക്കോര്‍ഡ് മെഡല്‍ നേട്ടം ടോക്കിയോയില്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് വിരാട് കോലി. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്‌ചവെച്ച അത്‌ലറ്റുകളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍റെ വാക്കുകള്‍.
'ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. ജയപരാജയങ്ങള്‍ കായികയിനങ്ങളുടെ ഭാഗമാണ്. എന്നാല്‍ രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നല്‍കി എന്നതാണ് പ്രധാനം. ഏറെ അഭിമാനമുണ്ടെന്നും മുന്നോട്ടുള്ള യാത്രയ്‌ക്ക് എല്ലാ ആശംസകളും നേരുന്നതായും' കോലി ട്വീറ്റ് ചെയ്‌തു. ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന വിരാട് കോലിയുള്ളത്.
Congratulations to all our winners and participants at the Olympics. Winning and losing is a part of sport, but what matters is you gave your best for the nation. We are so proud of you and I wish you all the very best going forward. Jai Hind. 🇮🇳🙏 pic.twitter.com/xHkfQVutWg
— Virat Kohli (@imVkohli)ഇന്ത്യയുടേത് എക്കാലത്തെയും മികച്ച പ്രകടനം
കൊവിഡ് പ്രതിസന്ധി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഒളിംപിക്‌സിൽ ഇന്ത്യ എക്കാലത്തേയും മികച്ച പ്രകടനം നടത്തിയാണ് മടങ്ങുന്നത്. നീരജ് ചോപ്രയുടെ സ്വർണമുൾപ്പടെ ഏഴ് മെഡലുകള്‍ 130 കോടി ഇന്ത്യന്‍ മോഹങ്ങള്‍ക്ക് സ്വര്‍ണശോഭ പകര്‍ന്നു. 2012ലെ ലണ്ടൻ ഒളിംപിക്‌സിലെ ആറ് മെഡലുകളുടെ നേട്ടമാണ് ഇന്ത്യ ഇത്തവണ ഏഴാക്കി ഉയർത്തിയത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ നാൽപ്പത്തിയെട്ടാം സ്ഥാനത്തുമെത്തി.
ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരത്തോടെയാണ് നീരജ് ചോപ്ര ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ രാജ്യത്തിന്റെ ആദ്യ മെഡൽ സ്വന്തമാക്കിയത്. ടോക്കിയോയിൽ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത് ഭാരോദ്വഹനത്തില്‍ മിരാബായി ചനുവായിരുന്നു. 49 കിലോ വിഭാഗത്തിൽ സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലുമായി 202 കിലോ ഭാരം ഉയർത്തി ചനു വെള്ളി നേടി. കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന താരമെന്ന നേട്ടവും ചനു സ്വന്തമാക്കി.
ഗുസ്തിയിൽ രവികുമാർ ദഹിയയുടെ വെള്ളി മെഡലാണ് മറ്റൊരു നേട്ടം. 57 കിലോ വിഭാഗം ഫൈനലിൽ രവികുമാർ റഷ്യയുടെ ലോകചാമ്പ്യനോട് പൊരുതി തോല്‍ക്കുകയായിരുന്നു. 65 കിലോ വിഭാഗത്തിൽ ബജ്റംഗ് പുനിയയുടെ വെങ്കലവും ഇന്ത്യക്ക് ആശ്വാസമായി. കസഖ് താരത്തെ മലർത്തിയടിച്ചാണ് പുനിയ മെഡലുറപ്പിച്ചത്.
ബാഡ്‌മിന്റണിലെ വെങ്കല മെഡൽ നേട്ടത്തോടെ ഒളിംപിക്‌സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം പി വി സിന്ധു പേരിലാക്കിയെന്നതും ശ്രദ്ധേയം. ചൈനീസ് താരത്തെ നേരിട്ടുള്ള ഗെയ്‌മുകൾക്ക് തോൽപിച്ചാണ് സിന്ധു പോഡിയത്തിലെത്തിയത്. ഇടിക്കൂട്ടിൽ ഇന്ത്യയുടെ മാനംകാത്ത് ലവ്‍ലിന ബോർഗോഹെയ്‌നും വനിതകളില്‍ ഹീറോയായി. സെമിയിൽ തുർക്കിയുടെ ലോക ചാമ്പ്യനോട് തോറ്റ ലവ്‍ലിന, മേരി കോമിന് ശേഷം ഒളിംപിക്‌സ് ബോക്‌സിംഗിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി.
മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഉൾപ്പെട്ട പുരുഷ ഹോക്കി ടീം 41 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പോഡിയത്തിൽ എത്തിയതും അഭിമാനമായി. ജർമനിയെ നാലിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചായിരുന്നു ഹോക്കിയിൽ ഇന്ത്യ വെങ്കലം അണിഞ്ഞത്.
മെഡലില്ലാതെയും മികവ്
വെങ്കലപ്പോരാട്ടത്തിൽ പൊരുതി വീണ വനിതാ ഹോക്കി ടീമും ഗോൾഫിൽ നേരിയ വ്യത്യാസത്തിന് മെഡൽ നഷ്‌ടമായ അദിതി അശോകും വനിതാ ഡിസ്‌കസ് ത്രോ ഫൈനലിലെത്തിയ കമൽപ്രീത് കൗറും പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് മറികടന്ന റിലേ ടീമും ടോക്കിയോയില്‍ ഇന്ത്യയുടെ നിറമുള്ള ഓർമ്മകളാണ്. നാലംഗ ടീമിൽ മൂന്ന് പേരും മലയാളികളായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona