വെള്ളി മെഡല്‍ നേട്ടം പരിശീലകൻ റോബര്‍ട്ട് ബോബി ജോര്‍ജിന് സമര്‍പ്പിക്കുന്നു. ഒളിംപിക്‌സ് മെഡലിനായി പരിശീലനം തുടരുമെന്നും ഷൈലി സിംഗ്.
ദില്ലി: അണ്ടർ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡല്‍ നേട്ടം പരിശീലകൻ റോബര്‍ട്ട് ബോബി ജോര്‍ജ്ജിന് സമര്‍പ്പിക്കുന്നതായി ലോംഗ് ജംപ് താരം ഷൈലി സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്. അഞ്ജു ബോബി ഫൗണ്ടേഷൻ അക്കാദമിയുടെ തുടക്കത്തിൽ തന്നെ മെഡൽ നേടാനായത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ അത്മവിശ്വാസം നൽകുന്നതാണെന്ന് പരിശീലകൻ റോബർട്ട് ബോബി ജോർജ്ജും പറഞ്ഞു.
നേരിയ വ്യത്യാസത്തിലാണ് ലോക ജൂനിയര്‍ അത്‍ലറ്റിക്‌സിൽ ഷൈലി സിംഗിന് സ്വർണം നഷ്‌ടമായത്. മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു ഷൈലി ഇന്ത്യയ്‌ക്കായി വെള്ളി സ്വന്തമാക്കുകയായിരുന്നു. എന്നാൽ സ്വർണം നഷ്‌ടമായതിൽ തനിക്ക് സങ്കടമുണ്ടെന്നും പരിശീലകനായ റോബർട്ട് ബോബി ജോർജ്ജ് നൽകിയ പരിശീലനവും പിന്തുണയുമാണ് മെഡൽ നേട്ടത്തിൽ എത്തിച്ചതെന്നും ഷൈലി സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒളിംപിക്‌സടക്കം വരാനിരിക്കുന്ന മത്സരങ്ങൾക്കായി പരിശീലനം തുടരുകയാണ് തന്റെ ലക്ഷ്യമെന്നും ഷൈലി കൂട്ടിച്ചേര്‍ത്തു.
അഞ്ജു ബോബി ഫൗണ്ടേഷൻ അക്കാദമിയുടെ തുടക്കത്തിൽ തന്നെ വലിയ നേട്ടം സ്വന്തമാക്കാനായത് തന്‍റെയും മറ്റ് കായികതാരങ്ങളുടേയും ആത്മവിശ്വാസം കൂട്ടിയെന്നും വരും ഒളിംപിക്‌സില്‍ ഒരു മെഡൽ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പരിശീലകൻ റോബർട്ട് ബോബി ജോർജ്ജ് പറഞ്ഞു. നെയ്‌റോബിയില്‍ നിന്ന് മെഡലുകളുമായി തിരികെ എത്തിയ കായികതാരങ്ങൾക്ക് വലിയ വരവേൽപ്പാണ് ദില്ലി അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
മൂന്ന് മെഡലുകളാണ് ഇന്ത്യക്ക് മീറ്റില്‍ ലഭിച്ചത്. ലോംഗ് ജംപില്‍ ഷൈലി സിംഗിന് പുറമെ 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റില്‍ മറ്റൊരു നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഹീറ്റ്‌സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു.
അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്: ലോംഗ് ജംപില്‍ വെള്ളിത്തിളക്കവുമായി ഷൈലി സിംഗ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona