ഒളിംപിക്‌സ് സ്വര്‍ണനേട്ടത്തിന് ശേഷം നീരജ് ചോപ്ര വീണ്ടും മത്സരത്തിന്; ഫിന്‍ലന്‍ഡില്‍ കടുത്ത വെല്ലുവിളി

By Web Team  |  First Published Jun 14, 2022, 2:34 PM IST

ഹോഫ്മാനും ജാക്കുബും സീസണില്‍ 90 മീറ്ററിലേറെ എറിഞ്ഞു. സീസണില്‍ 90 മീറ്റര്‍ മറികടക്കണമെന്നാണ് നീരജ് ലക്ഷ്യമിടുന്നത്. 87.58 മീറ്റര്‍
എറിഞ്ഞാണ് നീരജ് ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയത്.


ദില്ലി: ടോക്കിയോ ഒളിംപിക്‌സ് സ്വര്‍ണ നേട്ടത്തിന് ശേഷം നീരജ് ചോപ്ര (Neeraj Chopra) വീണ്ടും മത്സരത്തിലേക്ക്. ഫിന്‍ലന്‍ഡിലെ പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ഇന്നിറങ്ങും. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ചരിത്രത്തെ രണ്ടായി പകുത്ത പ്രകടനം. ടോക്കിയോയിലെ സുവര്‍ണ നേട്ടത്തിന് ശേഷം മാസങ്ങള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയാണ് നീരജ് ചോപ്ര പാവോ നൂര്‍മി ഗെയിംസിനെത്തുന്നത്. അമേരിക്ക, തുര്‍ക്കി, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു നീരജിന്റെ പരിശീലനം.

കടുത്ത മത്സരമായിരിക്കും പാവോ നൂര്‍മി ഗെയിംസില്‍ നീരജിനെ കാത്തിരിക്കുന്നത്. ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്, ടാക്കിയോയിലെ വെള്ളിമെഡല്‍ ജേതാവ് ചെക്ക് താരം ജാക്കുബ്, ജര്‍മന്‍ താരംങ്ങളായ ജൂലിയന്‍ വെബ്ബര്‍, ആന്‍ഡ്രിയാസ് ഹോഫ്മാന്‍ എന്നിവര്‍ നീരജിന് ശക്തമായ വെല്ലുവിളിയാകും. ഇത്തവണത്തെ ദോഹ ഡയമണ്ട് ലീഗില്‍ 93.07 മീറ്റര്‍ ദൂരമെറിഞ്ഞാണ് ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് ഒന്നാമതെത്തിയത്. 

Latest Videos

undefined

ഹോഫ്മാനും ജാക്കുബും സീസണില്‍ 90 മീറ്ററിലേറെ എറിഞ്ഞു. സീസണില്‍ 90 മീറ്റര്‍ മറികടക്കണമെന്നാണ് നീരജ് ലക്ഷ്യമിടുന്നത്. 87.58 മീറ്റര്‍
എറിഞ്ഞാണ് നീരജ് ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയത്. 88.07ആണ് നീരജിന്റെ മികച്ച പ്രകടനം. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്‌സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്. 

ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരുക. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്‌സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.

ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.
 

click me!