ജീവിതത്തിന്റെ ഓരോഘട്ടത്തിലും നിശ്ചയദാർഢ്യത്തോടെ പോരാടിയ പാരാഷൂട്ടർ ജ്യോതി ബാലന്റെ പോരാട്ടവീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
ദില്ലി: ഒളിംപിക്സിന് പിന്നാലെ ടോക്യോ വേദിയാവുന്ന പാരാലിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിസന്ധിയിലും തളരാതെ ആത്മവിശ്വാസത്തോടെ പാരാലിംപിക്സിന് തയാറെടുത്ത താരങ്ങളെ മോദി അഭിനന്ദിച്ചു. നിങ്ങളുടെ മെഡലുകൾ രാജ്യത്തിന് പ്രധാനമാണെങ്കിലും മെഡൽ നേടാനായി ആരിലും സമ്മർദ്ദമുണ്ടാക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജീവിതത്തിന്റെ ഓരോഘട്ടത്തിലും നിശ്ചയദാർഢ്യത്തോടെ പോരാടിയ പാരാഷൂട്ടർ ജ്യോതി ബാലന്റെ പോരാട്ടവീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. നിങ്ങൾ ശരിക്കുമൊരു പ്രചോദനമാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലെല്ലാം കരളുറപ്പോടെ നിങ്ങളുടെ കൂടെ നിന്ന അമ്മയെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രസിതന്ധിക്കിടിയിലും പിതാവ് തന്നെ അക്കാദമിയിൽ പരിശീലനത്തിനുചേർത്തതിനെക്കുറിച്ചും പിതാവ് മരിച്ചപ്പോഴുണ്ടായ ദുഖത്തെക്കുറിച്ചും ജ്യോതി ബാലൻ പ്രധാനമന്ത്രിയോട് സംസാരിച്ചു. പാരാലിംപിക്സിൽ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തുമെന്നും ജ്യോതി ബാലൻ പറഞ്ഞു.
Interacting with India’s contingent. Watch. https://t.co/mklGOscTTJ
— Narendra Modi (@narendramodi)
ജാവലിൻ ത്രോയിൽ ഹാട്രിക്ക് സ്വർണം ലക്ഷ്യമിടുന്ന ദേവേന്ദ്ര ജജാരിയയും ജീവിതത്തിലും കരിയറിലും നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പ്രധാനമന്ത്രിയോട് മനസുതുറന്നു. പാരാലിംപിക്സിൽ ഇന്ത്യൻ പതാകയേന്തുന്ന തങ്കവേലു മാരിയപ്പനും പ്രധാനമന്ത്രിയോട് സംസാരിച്ചു. ടോക്യോയിൽ രാജ്യത്തിനായി മെഡൽ നേടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് മാരിയപ്പൻ പറഞ്ഞു.
ഈ മാസം 24 മുതൽ ആരംഭിക്കുന്ന പാരാലിംപിക്സിൽ 54 താരങ്ങളാണ് ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. പാരാലിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. സെപ്റ്റംബർ അഞ്ചുവരെ നടക്കുന്ന പാരാലിംപിക്സിൽ 27ന് അമ്പെയ്ത്ത് മത്സരങ്ങളിലൂടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങുന്നത്.നിയമമന്ത്രി കിരൺ റിജിജു, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പാരാലിംപിക്സ് താരങ്ങളുടെ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.