ടോക്കിയോ നഗരത്തില്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദമാണ് പടരുന്നത് എന്നതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി യോഷിഹിതെ സുഗ പറഞ്ഞു.
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ടോക്കിയ നഗരത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് സംഘാടക സമിതിയുടെ നിര്‍ണായക തീരുമാനം. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ നഗരത്തില്‍ ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുക. വിദേശ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടക സമിതി നേരത്തെ തിരുമാനിച്ചിരുന്നു. എന്നാല്‍ ചില മത്സരങ്ങള്‍ക്ക് മാത്രം പരിമിതമായ തോതില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഒളിംപിക് സംഘാടക സമിതി പ്രസിഡന്‍റ് സീക്കോ ഹാഷിമോട്ടോ മാപ്പ് പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിമ്പിക്സ് പരിമിതികള്‍ക്കുള്ളിലാകും നടക്കുകയെന്നും ഹാഷിമോട്ടോ വ്യക്തമാക്കി.
ടോക്കിയോ നഗരത്തില്‍ അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദമാണ് പടരുന്നത് എന്നതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി യോഷിഹിതെ സുഗ പറഞ്ഞു. കൊവിഡിനെത്തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം നടക്കേണ്ട ഒളിമ്പിക്സ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ഈ വര്‍ഷവും നടത്താനായില്ലെങ്കില്‍ ഇത്തവണത്തെ ഒളിമ്പിക്സ് ഉപേക്ഷിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുക.