ഗോപിചന്ദ് സര്‍ അഭിനന്ദന സന്ദേശമയച്ചിരുന്നു, സൈന ഒന്നും പറഞ്ഞില്ലെന്ന് സിന്ധു

By Web Team  |  First Published Aug 2, 2021, 9:18 PM IST

എന്നാല്‍ സൈന അഭിനന്ദിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിന്ധുവിന്‍റെ മറുപടി. ഗോപി സര്‍ സന്ദേശം അയച്ചിരുന്നു. സൈന ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ല എന്നായിരുന്നു സിന്ധുവിന്‍റെ മറുപടി.


ടോക്യോ: ടോക്യോ ഒളിംപിക്സ് ബാഡ്മിന്‍റണിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ അഭിനന്ദിച്ച് തന്‍റെ മുന്‍ പരിശീലകനും ദേശീയ ബാഡ്‌മിന്‍റണ്‍ കോച്ചുമായ പി ഗോപിചന്ദ് സന്ദേശമയച്ചിരുന്നുവെന്ന് ഇന്ത്യയുടെ പി വി സിന്ധു. എന്നാല്‍ സഹതാരമായ സൈന നെഹ്‌വാള്‍ തന്നെ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്നും സിന്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗോപി സാര്‍ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. അഭിനന്ദനങ്ങള്‍ എന്നു മാത്രമായിരുന്നു ഗോപി സാറുടെ സന്ദേശം. സമൂഹമാധ്യമങ്ങളില്‍ ആരൊക്കെ അശംസയറിയിച്ചുവെന്ന് ഞാന്‍ നോക്കി വരുന്നതെയുള്ളു. അഭിനന്ദന സന്ദേശമയച്ചവര്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്.

Latest Videos

എന്നാല്‍ സൈന അഭിനന്ദിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിന്ധുവിന്‍റെ മറുപടി. ഗോപി സര്‍ സന്ദേശം അയച്ചിരുന്നു. സൈന ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ല എന്നായിരുന്നു സിന്ധുവിന്‍റെ മറുപടി.

ഗോപിചന്ദിന് കീഴില്‍ പരിശീലനം നടത്തിയിരുന്ന സിന്ധു പരിശീലനത്തിന്‍റെ ഭാഗമായി മൂന്ന് മാസത്തോളം ലണ്ടനിലേക്ക് പോയതിനെത്തുടര്‍ന്ന് ഗോപിചന്ദുമായി അസ്വാരസ്യങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരിച്ചെത്തിയശേഷം സിന്ധു ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനത്തിന് പോയില്ല. ഗോപിചന്ദിന് പകരം പാര്‍ക്ക് തായ് സാംഗിന് കീഴില്‍ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സിന്ധു പരിശീലനം നടത്തിയത്.

തുടര്‍ന്ന് സിന്ധുവും ഗോപിചന്ദും തമ്മില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒളിംപിക്സിനായുള്ള ഒരുക്കങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും ഗോപിചന്ദിനെ മിസ് ചെയ്യുന്നില്ലെന്നും സിന്ധു ഒളിംപിക്സിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ സിന്ധുവുമായുള്ള ഭിന്നതകളെക്കുറിച്ച് ഗോപീചന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2012ലെ ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്‌വാളുമായും സിന്ധുവിന് മികച്ച ബന്ധമല്ല ഉള്ളത്. 2017ല്‍ ഗോപീചന്ദിന് കീഴില്‍ പരിശീലനത്തിനായി സൈന എത്തിയതിനുശേഷണ് ഇരുവരും തമ്മിലുള്ള ഭിന്നത് രൂക്ഷമായതെന്നും സൂചനകളുണ്ടായിരുന്നു. ഇത്തവണ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടാന്‍ സൈനക്ക് കഴിഞ്ഞിരുന്നില്ല.

click me!