മത്സരശേഷം ഉത്തേജക പരിശോധനക്കായുള്ള രക്ത സാംപിള്‍ കൊടുക്കാനായി പോവുമ്പോഴാണ് കോച്ച് ഛോട്ടേ ലാല്‍ ഞാന്‍ തോറ്റുവെന്ന് പറഞ്ഞത്. ഞാനത് വിശ്വസിച്ചില്ല. എന്നാല്‍ അദ്ദേഹം കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്‍റെ ട്വീറ്റ് എനിക്ക് കാണിച്ചു തന്നു. അപ്പോഴാണ് ഞാന്‍ തോറ്റുവെന്ന് തിരിച്ചറിഞ്ഞത്.
ടോക്യോ: ടോക്യോ ഒളിംപിക്സ് ബോക്സിംഗ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലെന്‍സിയക്കെതിരെ തോറ്റുവെന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് ഇന്ത്യയുയെ ബോക്സിംഗ് ഇതിഹാസം മേരി കോം. മത്സരശേഷം കോച്ച് ഛോട്ടേ ലാല്‍ പറഞ്ഞിട്ടും മത്സരം തോറ്റുവെന്നത് വിശ്വിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്‍റെ ട്വീറ്റ് കണ്ടപ്പോഴാണ് തോറ്റുവെന്ന് ഉറപ്പിച്ചതെന്ന് മേരി കോം ടോക്യോയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മത്സരശേഷം ഉത്തേജക പരിശോധനക്കായുള്ള രക്ത സാംപിള്‍ കൊടുക്കാനായി പോവുമ്പോഴാണ് കോച്ച് ഛോട്ടേ ലാല്‍ ഞാന്‍ തോറ്റുവെന്ന് പറഞ്ഞത്. ഞാനത് വിശ്വസിച്ചില്ല. എന്നാല്‍ അദ്ദേഹം കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്‍റെ ട്വീറ്റ് എനിക്ക് കാണിച്ചു തന്നു. അപ്പോഴാണ് ഞാന്‍ തോറ്റുവെന്ന് തിരിച്ചറിഞ്ഞത്.
undefined
രാജ്യത്തനായി മെഡല്‍ നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും മേരി കോം പറഞ്ഞു. മെഡല്‍ നേടാനാവുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം അതിനായി അത്രമാത്രം കഠിനാധ്വാനം ചെയ്യുകയും കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ പരിശ്രമിച്ചു. ഒളിംപിക്സിലെ എന്‍റെ പ്രകടനത്തെക്കുറിച്ച് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. എന്നാല്‍ വലെന്‍സിയക്കെതിരായ മത്സരം തന്നില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നും ആറ് തവണ ലോക ചാമ്പ്യനും ഒളിംപിക് മെഡല്‍ ജേതാവുമായി മേരി കോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കടുത്ത പോരാട്ടത്തില്‍ 3-2നാണ് വലെന്‍സിയ ജയിച്ചതായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചത്. മത്സരശേഷം വിധി കര്‍ത്താക്കളുടെ തീരുമാനത്തിനെതിരെയും മേരി കോം പ്രതികരിച്ചിരുന്നു. മത്സരം പൂര്‍ത്തിയായ ഉടന്‍ വിജയിച്ചുവെന്ന് കരുതി മേരി കോം തന്‍റെ കൈ ഉയര്‍ത്തിക്കാട്ടിയിരുന്നു.
വിധികര്‍ത്താക്കളുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും നാല്‍പതു വയസുവരെ മത്സരരംഗത്ത് തുടരുമെന്നും മത്സരശേഷം മേരി പറഞ്ഞിരുന്നു. മത്സരത്തിന്‍റെ തുടക്കത്തിലെ ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് വിധി കര്‍ത്താക്കളുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനുമാവില്ല.
ടോക്യോയില്‍ നിന്ന് മെഡലുമായി മടങ്ങാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ എവിടെയാണ് പിഴച്ചെതെന്ന് എനിക്കറിയില്ല. ഈ മത്സരം തോറ്റുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല-കണ്ണീരണിഞ്ഞ് മേരി കോം പറഞ്ഞു.
വലന്‍സിയക്കെതിരായ മത്സരത്തില്‍ മേരി കോമിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച വലന്‍സിയക്കെതിരെ ആദ്യ റൗണ്ടില്‍ മേരി കോം 4-1ന് പിന്നിലായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചുവന്ന മേരി കോം 3-2ന് ജയിച്ചു. മൂന്നാം റൗണ്ടില്‍ മേരി കോം അല്‍പം ക്ഷീണിതയായി തോന്നിയെങ്കിലും മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അത് മേരിക്ക് എതിരായി.