ഇന്ന് എന്‍റെ ദിവസമല്ലായിരുന്നു; സെമിയിലെ തോല്‍വിയെക്കുറിച്ച് പി വി സിന്ധു

By Web Team  |  First Published Jul 31, 2021, 9:59 PM IST

എന്തായാലും ജയിക്കാനാവാത്തതിലും ഫൈനലിലെത്താന്‍ കഴിയാത്തതിലും വിഷമമുണ്ട്. രാജ്യത്തെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ട്. ഇന്ന് എന്‍റെ ദിവസമായിരുന്നില്ല എന്ന് മാത്രമെ പറയാനുള്ളു.


ടോക്യോ: ടോക്യോ ഒളിംപിക്സ് ബാഡ്മിന്‍റണ്‍ സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗിനെ നേരിടാന്‍ താന്‍ നല്ല രീതിയില്‍ തയാറെടുത്തിരുന്നുവെന്നും എന്നാല്‍ ഇന്ന് തന്‍റെ ദിവസമല്ലായിരുന്നുവെന്നും ഇന്ത്യന്‍ താരം പി വി സിന്ധു. സെമിയില്‍ തോറ്റതില്‍ സങ്കടമുണ്ടെങ്കിലും കഴിവിന്‍റെ പരമാവധി ശ്രമിച്ചുവെന്നും അവസാനം വരെ പൊരുതിയെന്നും ഇന്ന് തന്‍റെ ദിവസമായിരുന്നില്ലെന്നും സിന്ധു പറഞ്ഞു.

ലോക ഒന്നാം നമ്പര്‍ താരമായ യിംഗിനെ നേരിടാന്‍ നല്ല രീതിയില്‍ തയാറെടുത്തിരുന്നു. സെമി പോരാട്ടം എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു. കാരണം ലോക ഒന്നാം നമ്പര്‍ താരമായ യിംഗിനെതിരെ അനായാസം പോയന്‍റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല.

Latest Videos

എന്തായാലും ജയിക്കാനാവാത്തതിലും ഫൈനലിലെത്താന്‍ കഴിയാത്തതിലും വിഷമമുണ്ട്. രാജ്യത്തെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ട്. ഇന്ന് എന്‍റെ ദിവസമായിരുന്നില്ല എന്ന് മാത്രമെ പറയാനുള്ളു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നും സിന്ധു പറഞ്ഞു.

ഒളിംപിക്സ് സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗിനെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം നിന്ന സിന്ധുവിന് പക്ഷെ രണ്ടാം ഗെയിമില്‍ അവസരമൊന്നും നല്‍കാതെയാണ് തായ് സു യിംഗ് ജയിച്ചുകയറിയത്.

click me!