പ്രീ ക്വാര്‍ട്ടറിന് തൊട്ടു മുമ്പ് റിംഗ് ഡ്രസ്സ് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് മേരി കോം

By Web Team  |  First Published Jul 30, 2021, 4:13 PM IST

അതേസമയം, ജേഴ്‌സിയില്‍ 'മേരി കോം' എന്ന് പൂര്‍ണമായി എഴുതിയതിനാലാണ് വേഷം മാറ്റാന്‍ ആവശ്യപ്പെട്ടത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് സംഘാടകരുടെ പ്രതികരണം.


ടോക്യോ: ഒളിംപിക്‌സ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ടുമുമ്പ് റിംഗ് ഡ്രസ് മാറ്റാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത് ഇതിഹാസ ഇന്ത്യന്‍ ബോക്‌സര്‍ മേരി കോം. 'അതിശയിപ്പിക്കുന്നു, എന്തായിരിക്കണം റിംഗ് ഡ്രസ് എന്ന് ആരെങ്കിലും പറ‌ഞ്ഞുതരുമോ?. പ്രീ ക്വാര്‍ട്ടറിന് ഒരു മിനുറ്റ് മുമ്പ് എന്‍റെ റിങ് ഡ്രസ് മാറ്റാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ'...എന്ന ചോദ്യത്തോടെയാണ് മേരി കോമിന്‍റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെയും നിയമ മന്ത്രി കിരണ്‍ റിജിജുവിനെയും ഒളിംപിക്‌ കമ്മിറ്റിയേയും അടക്കം ടാഗ് ചെയ്‌താണ് മേരി കോമിന്‍റെ ട്വീറ്റ്.

അതേസമയം, ജേഴ്‌സിയില്‍ 'മേരി കോം' എന്ന് പൂര്‍ണമായി എഴുതിയതിനാലാണ് വേഷം മാറ്റാന്‍ ആവശ്യപ്പെട്ടത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് സംഘാടകരുടെ പ്രതികരണം. ജേഴ്‌സിയില്‍ താരങ്ങളുടെ ആദ്യ പേര് മാത്രമേ പാടുള്ളൂ എന്നും സംഘാടകര്‍ പറയുന്നു. എന്തായാലും പേരൊന്നും എഴുതാത്ത ജേഴ്‌സി അണിഞ്ഞാണ് താരം റിങ്ങിലെത്തിയത്.  

Surprising..can anyone explain what will be a ring dress. I was ask to change my ring dress just a minute before my pre qtr bout can anyone explain. pic.twitter.com/b3nwPXSdl1

— M C Mary Kom OLY (@MangteC)

Latest Videos

മത്സരം വലിയ വിവാദത്തില്‍

പ്രീ ക്വാര്‍ട്ടറില്‍ മേരി കോമിന്‍റെ മത്സരം ഇതിനകം വിവാദമായിട്ടുണ്ട്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലെന്‍സിയക്കെതിരെ തോറ്റുവെന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് മത്സര ശേഷം മേരി കോം തുറന്നുപറഞ്ഞിരുന്നു. 'മത്സരശേഷം കോച്ച് ഛോട്ടേ ലാല്‍ പറഞ്ഞിട്ടും മത്സരം തോറ്റുവെന്നത് വിശ്വിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്‍റെ ട്വീറ്റ് കണ്ടപ്പോഴാണ് തോറ്റുവെന്ന് ഉറപ്പിച്ചത്' എന്നായിരുന്നു ടോക്യോയില്‍ നിന്ന് മേരി കോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ടോക്കിയോയില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം. എന്നാല്‍ കടുത്ത പോരാട്ടത്തില്‍ 3-2നാണ് വലെന്‍സിയ ജയിച്ചതായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചു. വിധി കര്‍ത്താക്കളുടെ തീരുമാനത്തിനെതിരെയും മേരി കോം രംഗത്തുവന്നു. മത്സരം പൂര്‍ത്തിയായ ഉടന്‍ വിജയിച്ചുവെന്ന് കരുതി മേരി കോം തന്‍റെ കൈ ഉയര്‍ത്തിക്കാട്ടിയിരുന്നു. വിധികര്‍ത്താക്കളുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 40 വയസുവരെ മത്സരരംഗത്ത് തുടരുമെന്നും മത്സരശേഷം താരം വ്യക്തമാക്കിയിരുന്നു.

വലന്‍സിയക്കെതിരായ മത്സരത്തില്‍ മേരി കോമിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച വലന്‍സിയക്കെതിരെ ആദ്യ റൗണ്ടില്‍ മേരി കോം 4-1ന് പിന്നിലായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചുവന്ന മേരി കോം 3-2ന് ജയിച്ചു. മൂന്നാം റൗണ്ടില്‍ മേരി കോം അല്‍പം ക്ഷീണിതയായി തോന്നിയെങ്കിലും മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അത് മേരിക്ക് എതിരാവുകയായിരുന്നു.

click me!