ടോക്കിയോ ഒളിംപിക്സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല

By Web Team  |  First Published Mar 9, 2021, 7:16 PM IST

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ കാണാന്‍ വിദേശികളെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.


ടോക്കിയോ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിംപിക്സില്‍ വിദേശത്തു നിന്നുള്ള കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഒളിംപിക്സ് അധികൃതരെ ഉദ്ധരിച്ച് ക്യോഡോ വാര്‍ത്താ ഏജന്‍സിയാണ് വിദേശ കാണികളെ വിലക്കിയേക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ കാണാന്‍ വിദേശികളെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. ഓരോ രാജ്യങ്ങളിലും കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശ കാണികളെ പ്രവേശിപ്പിക്കാതെയാകും ഒളിംപിക്സ് സംഘടിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Videos

മത്സരങ്ങള്‍ക്ക് പുറമെ ഒളിംപിക്സിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ദീപശിഖ തെളിയിക്കല്‍ ചടങ്ങിലും കാണികളെ പ്രവേശിപ്പിക്കില്ല. മത്സരാര്‍ത്ഥികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായിരിക്കും ദിപശിഖ തെളിയിക്കല്‍ ചടങ്ങിലേക്ക് പ്രവേശനം. ഒളിംപിക്സിന് വിദേശത്തു നിന്നുള്ള കാണികളെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ ഈ മാസം അവസാനം അന്തിമ തീരുമാനമെടുക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിദേശ കാണികളെ പ്രവേശിപ്പിക്കില്ലെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിംപിക്സ് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

click me!