ലോകം ടോക്കിയോയില്‍; വിശ്വ കായികമേളയ്‌ക്ക് ഇന്ന് തിരിതെളിയും

By Web Team  |  First Published Jul 23, 2021, 7:57 AM IST

ഉദ്ഘാടന ചടങ്ങിൽ ആയിരം പേർ മാത്രം. കാണികളില്ലാത്ത ആദ്യ ഒളിംപിക്‌സ്. വാനോളം പ്രതീക്ഷകളുമായി ഇന്ത്യയും. 


ടോക്കിയോ: അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റം. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപി‌ക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

താരോദയങ്ങൾക്കായി ഉദയസൂര്യന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ അസാധാരണ കാലത്ത് കൂടുതൽ വേഗവും കൂടുതൽ ഉയരവും കൂടുതൽ കരുത്തിനുമൊപ്പം ഒരുമയുടെ സന്ദേശവുമായാണ് ടോക്കിയോ ഒളിംപിക്‌സിന് തിരിതെളിയുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്‌സില്‍ കാണികൾക്ക് പ്രവേശനമില്ല. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ അണിനിരക്കുക ഗ്രീസാണ്. അക്ഷരമാലാ ക്രമത്തിൽ ഇരുപത്തിയൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. മലയാളി താരം സജൻ പ്രകാശ് ഉൾപ്പടെ ഇന്ത്യൻ സംഘത്തിൽ ഇരുപത്തിയാറുപേർ മാത്രമേയുണ്ടാവൂ. മൻപ്രീത് സിങ്ങും മേരി കോമും ഇന്ത്യന്‍ പതാകയേന്തും. ആതിഥേയരായ ജപ്പാനാണ് ഒടുവില്‍ അണിനിരക്കുക. അഭയാർഥി ടീമിൽ 29 പേർ പങ്കെടുക്കുന്നതും സവിശേഷതയാണ്. 

Latest Videos

നിലവിലെ സാഹചര്യം പരിഗണിച്ചുള്ള ആട്ടവും പാട്ടും മേളവുമെല്ലാമാണ് ചടങ്ങിനുണ്ടാവുക.. വ്യോമസേന ആകാശത്ത് ഒളിംപിക് വളയങ്ങൾ തീർക്കും. പിന്നാലെ ഒളിംപിക്‌സ് ഉദ്ഘാടനം ചെയ്‌തതായി ജപ്പാൻ ചക്രവർത്തി നരുഹിതോ പ്രഖ്യാപിക്കും. പതിനഞ്ച് രാഷ്‌ട്രത്തലവൻമാർ ചടങ്ങിന് സാക്ഷിയാവും. 

അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. അടുത്ത വെള്ളിയാഴ്‌ചയാണ് അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാവുക. കൊവിഡ് കാരണം നിരവധി താരങ്ങളും ഉത്തരകൊറിയയും ഗിനിയയുമെല്ലാം വിട്ടുനിൽക്കുന്ന ഒളിംപിക്‌സിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയും തയ്യാർ. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. 

ടി20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനലും വിജയികളെയും പ്രവചിച്ച് അക്തർ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!