അഭിമാനം, പ്രചോദനം; ടോക്കിയോയില്‍ ചരിത്രത്തെ തോല്‍പിച്ച വീരനായികയായി ഭവാനി ദേവി

By Web Team  |  First Published Jul 26, 2021, 11:55 AM IST

രാജ്യത്തെ കായിക രംഗത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ് ഭവാനിയുടെ പ്രകടനം. ഇതില്‍ കേരളത്തിനും അഭിമാനിക്കാനേറെ.  


ടോക്കിയോ: വിശ്വ കായികമേളയുടെ വേദിയായ ടോക്കിയോയില്‍ ഇന്ന് കണ്ടത് ഇന്ത്യന്‍ കായിക ചരിത്രത്തിലെ അത്യപൂര്‍വ നിമിഷം. ഒളിംപിക്‌സ് ഫെന്‍സിംഗില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഭവാനി ദേവി. ടോക്കിയോയില്‍ ചരിത്രം കുറിച്ച് രണ്ടാം റൗണ്ടിലെത്തിയെങ്കിലും ഫ്രഞ്ച് താരത്തിന് മുന്നിൽ പൊരുതിത്തോറ്റ് ഭവാനി മടങ്ങി. എങ്കിലും രാജ്യത്തെ കായിക രംഗത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ് ഭവാനിയുടെ പ്രകടനം. ഭവാനിയുടെ നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാനേറെയുണ്ട്.  

മിന്നല്‍ തുടക്കം, അത് ധാരാളം 

Latest Videos

ഏഷ്യാനെറ്റ് ന്യൂസിനോട് 2015ൽ ഭവാനി ദേവി ഒളിംപിക് സ്വപ്‌നം തുറന്നുപറയുമ്പോള്‍ അതിരുവിട്ട ആഗ്രഹമായാണ് പലര്‍ക്കും തോന്നിയത്. കാരണം, 1896 മുതൽ ഒളിംപിക്‌സ് ഇനമായ ഫെന്‍സിംഗിൽ ഇന്ത്യയിൽ നിന്നാരും യോഗ്യത നേടിയിരുന്നില്ല. ചരിത്രം കുറിച്ച് ടോക്കിയോയിലെത്തിയ ഭവാനി ദേവി ആദ്യ മത്സരത്തിൽ ടുണീഷ്യന്‍ താരത്തെ തകര്‍ത്ത് വിസ്‌മയമായി. തൊട്ടടുത്ത റൗണ്ടിൽ ലോക മൂന്നാം നമ്പര്‍ താരത്തിന് മുന്നിൽ പൊരുതി വീണത് ഏറെ അഭിമാനത്തോടെയാണ്. 

തമിഴ്‌നാട്ടിലെ ക്ഷേത്ര പൂജാരിയുടെ മകളായി ജനിച്ച ഭവാനിയെ ഒളിംപിക് വേദിയിലെത്തിച്ചത് 10 വര്‍ഷത്തിലേറെ തലശ്ശേരി സായി കേന്ദ്രത്തിൽ നടത്തിയ പരിശീലനമാണ്. തലശേരി ഗവ ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ബ്രണ്ണന്‍ കോളജിലുമായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. ഭവാനിയുടെ ഒളിംപിക്‌സ് പങ്കാളിത്തത്തിന്റെ എല്ലാ കടപ്പാടും കോച്ച് സാഗര്‍ എസ് ലാഗുവിനും തലശ്ശേരി സായി കേന്ദ്രത്തിനുമുള്ളതാണ്. ഫെന്‍സിംഗില്‍ ഭവാനിയെ ഒളിംപിക്‌സ് വരെ എത്തിക്കുന്നതില്‍ സാഗറിന്റെ തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 

ഉയരട്ടേ കൂടുതൽ ഭവാനിമാര്‍...

റിയോ ഒളിംപിക്‌സിൽ ദിപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സിലൂടെ പുതുചരിത്രം കുറിച്ചെങ്കില്‍ ടോക്കിയോയിൽ രാജ്യത്തിന് പ്രചോദനമാവുകയാണ് ഭവാനി. ദിപയ്‌ക്ക് പിന്നാലെ പ്രണതി നായക് ഒളിംപിക് വേദിയിലെത്തിയതുപോലെ കൂടുതൽ ഭവാനിമാര്‍ ഇന്ത്യയിൽ നിന്ന് ഉയരാന്‍ പ്രചോദനമാകും താരത്തിന്‍റെ പ്രകടനം എന്നുറപ്പ്. 

ടോക്കിയോയില്‍ ഇതുവരെ ഒരു മെഡലാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായി ചനു വെള്ളിത്തിളക്കം സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. സിഡ്‌നിയില്‍ 2000ല്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡല്‍.  
    
അഭിമാനമായി ഭവാനി ദേവി, ചരിത്രനേട്ടത്തോടെ മടക്കം; അമ്പെയ്‌ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍

ഭവാനി ദേവി ഒളിംപിക് ഫെന്‍സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു; കേരളത്തിനും അഭിമാനിക്കാം
 

click me!