തുരുമ്പെടുത്ത വാളും സിമന്‍റ് തറയും; ഭവാനി ദേവി വളര്‍ന്ന തലശേരി സായ്‌‌യുടെ അവസ്ഥ പരിതാപകരം

By Web Team  |  First Published Aug 1, 2021, 12:11 PM IST

ടോക്കിയോയില്‍ ഇന്ത്യയുടെ അഭിമാനമായ ഭവാനി ദേവിയുടെ ഒളിംപിക്‌സ് യാത്ര തുടങ്ങിയത് തലശേരി സായ് കേന്ദ്രത്തിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ വച്ചാണ്


കണ്ണൂര്‍: തുരുമ്പുപിടിച്ച് ദ്രവിച്ച വാളുകൊണ്ട് സിമന്റ് തറയിൽ പരിശീലിച്ചാണ് ഫെന്‍സര്‍ ഭവാനി ദേവി ടോക്കിയോ ഒളിംപിക്‌സ് വരെ എത്തിയത്. ഭവാനിയടക്കം നാൽപത്തിയൊന്ന് രാജ്യാന്തര ഫെൻസിംഗ് താരങ്ങളെ സമ്മാനിച്ച തലശ്ശേരിയിലെ സായ് കേന്ദ്രം സർക്കാർ അവഗണനയുടെ നേർചിത്രമാണ്. ഭവാനിയുടെ നേട്ടമെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. 

ടോക്കിയോയില്‍ ഇന്ത്യയുടെ അഭിമാനമായ ഭവാനി ദേവിയുടെ ഒളിംപിക്‌സ് യാത്ര തുടങ്ങിയത് തലശ്ശേരി സായ് കേന്ദ്രത്തിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ വച്ചാണ്. ഇന്ത്യയ്‌ക്കായി നാൽപത്തിയൊന്ന് രാജ്യാന്തര ഫെൻസിംഗ് താരങ്ങളെ ഇവിടുത്തെ സിമന്റുതറ വാർത്തെടുത്തു. ശീതീകരിച്ച ഹാളിൽ പീസ്റ്റിൽ പരിശീലിക്കേണ്ട കായിക ഇനമായ ഫെൻസിംഗ് കത്തുന്ന സൂര്യന് കീഴിൽ കടുകട്ടിയുള്ള കുപ്പായവും മാസ്‌ക്കുമിട്ട് കളിക്കേണ്ടിവരുമ്പോൾ താരങ്ങൾ വിയർത്തൊലിച്ചുപോകുന്നു. 

Latest Videos

2017ൽ ചത്തീസ്‌ഗഡിൽ നടന്ന ദേശീയ ഗെയിംസിൽ സാക്ഷാൽ ഭവാനി ദേവിയെ തോൽപിച്ച് സ്വർണം നേടിയ വയനാടുകാരി ജ്യോസ്ന ക്രിസ്റ്റി ജോസ് ഇവിടുത്ത അഗ്നിപരീക്ഷ വിവരിക്കുന്നു. 2019 സൗത്ത് ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീം അംഗം കൂടിയാണ് ജ്യോസ്‌ന. 

നാൽപത്തിനാല് വനിതാ താരങ്ങളാണ് തലശ്ശേരി സായ് സെന്ററിലുള്ളത്. കടൽ തീരത്തായതിനാൽ ഉപ്പുകാറ്റടിച്ച് പരിശീല ഉപകരങ്ങളെല്ലാം നശിക്കുകയാണ്. വാളുകൾ മിക്കതും തുരുമ്പെടുത്തു. ചിലത് പൊട്ടിയതിനാൽ കെട്ടിവച്ചിരിക്കുന്നു. വാൾപ്പയറ്റ് പരിശീലിക്കാനുള്ള ഡമ്മിക്ക് പകരമുള്ളത് മുള കെട്ടിവച്ചുണ്ടാക്കിയ കോലം. പരിമിതികൾ കൊണ്ട് ശ്വാസം മുട്ടുമ്പോഴും സാഗർ എസ് ലാഗുവെന്ന രാജ്യത്തെ മികച്ച പരിശീലകന്‍ ഉള്ളതിനാലാണ് താരങ്ങൾ സായ് വിട്ട് പോകാത്തത്. 

ടോക്കിയോ ഒളിംപിക്‌സിലെ ഫെന്‍സിംഗില്‍ രണ്ടാം റൗണ്ടിൽ ഫ്രാന്‍സിന്‍റെ ലോക മൂന്നാം നമ്പര്‍ താരം മനോൻ ബ്രനറ്റിനോട് തോറ്റെങ്കിലും തലയുയര്‍ത്തിയാണ് ഭവാനി ദേവി മടങ്ങിയത്. ഒളിംപിക്‌സ് ഫെന്‍സിംഗില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ആദ്യ റൗണ്ടില്‍ ഭവാനി ദേവി നേടിയിരുന്നു.  ഒളിംപിക്‌സില്‍ 1896 മുതൽ ഇനമായ ഫെന്‍സിംഗിൽ ഇന്ത്യയിൽ നിന്നാദ്യമായാണ് ഒരു താരം യോഗ്യത നേടി മത്സരിക്കാനിറങ്ങിയത്.  

ഒളിംപിക്‌സ്: നിരാശ മാത്രമായി പുരുഷ ബോക്‌സിംഗ്; സതീഷ് കുമാര്‍ പുറത്ത്

തോൽവിയിലും താങ്കൾ കൂടെ നിന്നു; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഭവാനി ദേവി

അഭിമാനം, പ്രചോദനം; ടോക്കിയോയില്‍ ചരിത്രത്തെ തോല്‍പിച്ച വീരനായികയായി ഭവാനി ദേവി

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!