നിങ്ങള്‍ അഭിമാനമാകുമെന്നുറപ്പ്; ഇന്ത്യന്‍ പാരാ അത്‌‌ലറ്റുകള്‍ക്ക് കോലിയുടെ ആശംസയും പിന്തുണയും

By Web Team  |  First Published Aug 24, 2021, 10:26 AM IST

മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തുന്നത്. പാരാലിംപിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 


ടോക്കിയോ: പാരാലിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ നേർന്ന് ക്രിക്കറ്റ് താരം വിരാട് കോലി. 'ടോക്കിയോ പാരാലിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് ആശംസകളും പിന്തുണയും അറിയിക്കുന്നു. പാരാ അത്‌ലറ്റുകള്‍ രാജ്യത്തിനായി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്' എന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ട്വീറ്റ് ചെയ്തു. 

Sending my best wishes and support to the 🇮🇳 contingent at the Tokyo Paralympics. I am cheering for each one of you and I am sure you will make us proud.

— Virat Kohli (@imVkohli)

ടോക്കിയോയില്‍ പാരാലിംപിക്‌സിന് ഇന്നാണ് തുടക്കമാവുന്നത്. വൈകിട്ട് നാലരയ്‌ക്ക് ഉദ്ഘാടന ചടങ്ങുകൾക്ക് ആരംഭിക്കും. നമുക്ക് ചിറകുകൾ ഉണ്ട് എന്ന സന്ദേശവുമായാണ് ടോക്കിയോ പാരാലിംപിക്‌സ് വിരുന്നെത്തുന്നത്. ഉദ്ഘാടന ചടങ്ങിന് നിറംപകരാൻ എഴുപത്തിയഞ്ച് കലാകാരൻമാർ വേദിയിലെത്തും. ഉദ്ഘാടന ചടങ്ങിൽ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യൽസുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. റിയോ പാരാലിംപിക്‌സ് ഹൈജംപിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തും. മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തുന്നത്. പാരാലിംപിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 

Latest Videos

സെപ്റ്റംബർ അഞ്ച് വരെ നീണ്ടുനിൽക്കുന്ന പാരാലിംപിക്‌സിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 4,400 അത്‍ലറ്റുകൾ മാറ്റുരയ്‌ക്കും. ബാഡ്‌മിന്റണും തെയ്ക്വോൺഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്കിയോ പാരാലിംപിക്‌സിൽ ഇത്തവണ 22 മത്സര ഇനങ്ങളുണ്ട്. രാഷ്‌ട്രീയ കാരണങ്ങളാൽ രണ്ടംഗ ടീം പിൻമാറിയെങ്കിലും ഉദ്ഘാടന ചടങ്ങിൽ അഫ്ഗാൻ പതാക ഉൾപ്പെടുത്തും. അഭയാർഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങൾ പങ്കെടുക്കും. ഇതുവരെ 11 പാരാലിംപിക്‌സിൽ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വർണമടക്കം 15 മെഡൽ നേടുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. 2004 മുതൽ ചൈനയാണ് മെഡൽ വേട്ടയിൽ മുന്നിൽ. 

പാരാ അത്‌ലറ്റുകളെ പിന്തുണച്ച് സച്ചിനും 

ടോക്കിയോ പാരാലിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്‌ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'പാരാലിംപിക്‌സില്‍ മത്സരിക്കുന്ന 54 അത്‌ലറ്റുകളും മെഡല്‍ നേടില്ലായിരിക്കാം. എന്നിരുന്നാലും എല്ലാ അത്‌ലറ്റുകളെയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രധാനം. അപ്പോഴേ നമ്മുടെ കായികരംഗത്ത് യഥാര്‍ഥ മാറ്റം വരികയുള്ളൂ' എന്നും സച്ചിന്‍ പറഞ്ഞു. 

'പാരാ അത്‌ലറ്റുകള്‍ യഥാര്‍ഥ ഹീറോകള്‍'; ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ഥിച്ച് സച്ചിന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!