മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ ഇന്ത്യ 54 താരങ്ങളെയാണ് ഗെയിംസില്‍ അണിനിരത്തുന്നത്
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിന് ഇന്ന് തുടക്കം. വൈകിട്ട് നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. നമുക്ക് ചിറകുകൾ ഉണ്ട് എന്ന സന്ദേശവുമായാണ് ടോക്കിയോ പാരാലിംപിക്‌സ് വിരുന്നെത്തുന്നത്.
ഉദ്ഘാടന ചടങ്ങിന് നിറംപകരാൻ എഴുപത്തിയഞ്ച് കലാകാരൻമാർ വേദിയിലെത്തും. ഉദ്ഘാടന ചടങ്ങിൽ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യൽസുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. റിയോ പാരാലിംപിക്‌സ് ഹൈജംപിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തും. മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തുന്നത്. പാരാലിംപിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്.
സെപ്റ്റംബർ അഞ്ച് വരെ നീണ്ടുനിൽക്കുന്ന പാരാലിംപിക്‌സിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 4,400 അത്‍ലറ്റുകൾ മാറ്റുരയ്‌ക്കും. ബാഡ്‌മിന്റണും തെയ്ക്വോൺഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്കിയോ പാരാലിംപിക്‌സിൽ ഇത്തവണ 22 മത്സര ഇനങ്ങളുണ്ട്. രാഷ്‌ട്രീയ കാരണങ്ങളാൽ രണ്ടംഗ ടീം പിൻമാറിയെങ്കിലും ഉദ്ഘാടന ചടങ്ങിൽ അഫ്ഗാൻ പതാക ഉൾപ്പെടുത്തും. അഭയാർഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങൾ പങ്കെടുക്കും.
ഇതുവരെ 11 പാരാലിംപിക്‌സിൽ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വർണമടക്കം 15 മെഡൽ നേടുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. 2004 മുതൽ ചൈനയാണ് മെഡൽ വേട്ടയിൽ മുന്നിൽ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona