ഹോക്കിയുടെ തറവാട്ടുകാർ ടോക്കിയോയിൽ ഇറങ്ങുന്നത് സെമി ഫൈനൽ ബർത്തിനൊപ്പം പഴയ പ്രതാപം വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ്
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. 1980ന് ശേഷം ആദ്യ മെഡൽ ലക്ഷ്യമിടുന്ന ഇന്ത്യയുടെ എതിരാളികൾ ബ്രിട്ടനാണ്. വൈകിട്ട് അഞ്ചരയ്‌ക്കാണ് കളി തുടങ്ങുക.
ഹോക്കിയുടെ തറവാട്ടുകാർ ടോക്കിയോയിൽ ഇറങ്ങുമ്പോള്‍ സെമി ഫൈനൽ ബർത്തിനൊപ്പം പഴയ പ്രതാപം വീണ്ടെടുക്കലും ലക്ഷ്യമിടുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചായിരുന്നു തുടക്കം. എന്നാല്‍ രണ്ടാം കളിയിൽ ഓസ്‌ട്രേലിയക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിട്ടു. പ്രതിരോധവും പി ആർ ശ്രീജേഷും നിഷ്‌പ്രഭമായപ്പോൾ ഒന്നിനെതിരെ ഏഴ് ഗോളിന്‍റെ പരാജയം.
ഓസ്‌ട്രേലിയ നല്‍കിയ പ്രഹരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയെയാണ് പിന്നെ കണ്ടത്. അതിശക്തമായ സ്‌പെയ്‌നെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച ഇന്ത്യ പിന്നെ തിരിഞ്ഞുനോക്കിയില്ല. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചത് ആത്മവിശ്വാസം കൂട്ടി. ജപ്പാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് അവസാന ഗ്രൂപ്പ് മത്സരം ഇന്ത്യ ആഘോഷമാക്കി.
ഓസ്‌ട്രേലിയക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ക്വാർട്ടർ കടമ്പയിലുള്ളത് എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ബ്രിട്ടൺ. ഇന്ത്യ അഞ്ച് കളിയിൽ 15 ഗോൾ നേടിയപ്പോൾ 13 ഗോൾ വഴങ്ങി. ബ്രിട്ടൺ നേടിയതും വഴങ്ങിയതും 11 ഗോൾ. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡലിനുള്ള മത്സരത്തിൽ ബ്രിട്ടനോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മൻപ്രീതും സംഘവും ഇറങ്ങുന്നത്.
ഒളിംപിക്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു ടീമും നാല് ജയം വീതം നേടി. അതേസമയം വനിതാ ഹോക്കിയിൽ ഇന്ത്യ നാളെ ക്വാര്‍ട്ടറിൽ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona