ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം.
ടോക്കിയോ: ഒളിംപിക്‌സ് ഗുസ്‌തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തി. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെ വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോല്‍പിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്.
ഒളിംപിക്‌സ് ഗുസ്‌തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം കൂടിയാണ്. രവി കുമാറിന്‍റെ ഫൈനല്‍ നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും.
ഇന്ന് രാവിലെ നടന്ന വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ തുർക്കിയുടെ ബുസേനസിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്‌ന്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയതാണ് ഇന്ത്യ ഇതിനകം സ്വന്തമാക്കിയ മറ്റ് മെഡലുകള്‍.
Also Read:നാഹ്‌റിയ്ക്ക് വെള്ളി വെളിച്ചമാകുമോ രവികുമാര്‍ ദാഹിയയുടെ മെഡല്‍ നേട്ടം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona