പുല്‍നാമ്പ് കിളിര്‍ക്കില്ലെന്ന് പറഞ്ഞിടത്ത് വിരിഞ്ഞവ; ഒളിംപിക്‌സിലെ പൂക്കള്‍ ലോകത്തിന് സുഗന്ധം പകരുമ്പോള്‍

By Web Team  |  First Published Jul 24, 2021, 3:37 PM IST

ദുരന്തഭൂമിയിൽ വിരിയിച്ചെടുത്ത പൂക്കൾക്കൊണ്ട് അലങ്കരിച്ച വേദികളും ജേതാക്കൾക്ക് നൽകുന്ന പൂച്ചെണ്ടുകളും അങ്ങനെ ജപ്പാന്‍റെ അതിജീവന തെളിവ് കൂടിയാവുന്നു. നിറംകെട്ട ദുരിതകാലത്ത് നിന്ന് വര്‍ണാഭമായ കാലത്തേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ പൂച്ചെണ്ടുകളെന്നാണ് ജപ്പാൻ ജനതയുടെ വിശ്വാസം.


ടോക്കിയോ: ഇത്തവണത്തെ ഒളിംപിക്‌സില്‍ ജേതാക്കൾക്ക് മെഡലിനൊപ്പം നൽകുന്ന പൂച്ചെണ്ടിന് ഒരു പ്രത്യേകതയുണ്ട്. അതിജീവനത്തിന്റെയും നന്ദിയുടേയും കഥ പറയുന്നവയാണ് ആ പൂച്ചെണ്ടുകള്‍.  ഹിരോഷിമയും നാഗാസാക്കിയും പോലെ ജപ്പാൻ ജനത മറക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ദുരന്തമാണ് പതിനായിരങ്ങളുടെ ജീവനെടുത്ത 2011ലെ  ഭൂകമ്പവും സുനാമിയും.

ദുരന്തഭൂമിയായ ഫുക്കൂഷിമയിലും സെൻഡായിലുമെല്ലാം ഇനിയൊരു പുൽനാമ്പ് പോലും മുളക്കില്ലെന്ന് കരുതിയവരുണ്ട്. പക്ഷെ ജപ്പാൻ ഇതിനെയും അതിജീവിച്ചു. വ‍ര്‍ഷങ്ങൾക്കിപ്പുറം കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുമ്പോൾ അന്ന് തങ്ങളെ കയ്യയച്ച് സഹായിച്ച ലോകജനതയോട് നന്ദി പറയുകയാണ് ജപ്പാൻ ജനത. ദുരന്തഭൂമിയിൽ വിരിയിച്ചെടുത്ത പൂക്കൾക്കൊണ്ട് അലങ്കരിച്ച വേദികളും ജേതാക്കൾക്ക് നൽകുന്ന പൂച്ചെണ്ടുകളും അങ്ങനെ ജപ്പാന്‍റെ അതിജീവന തെളിവ് കൂടിയാവുന്നു. നിറംകെട്ട ദുരിതകാലത്ത് നിന്ന് വര്‍ണാഭമായ കാലത്തേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ പൂച്ചെണ്ടുകളെന്നാണ് ജപ്പാൻ ജനതയുടെ വിശ്വാസം.

Latest Videos

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ നടക്കുന്ന ഒളിംപിക്‌സില്‍ എന്തുകൊണ്ടും ഈ പൂക്കള്‍ക്ക് അതിനാല്‍ പ്രാധാന്യമേറെയാണ്. പുനരുപയോഗിച്ച ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് ടോക്കിയോ ഒളിംപിക്സിലെ വിജയികള്‍ക്കായുള്ള മെഡലിനായുള്ള ലോഹങ്ങളില്‍ ഏറിയ പങ്കും കണ്ടെത്തിയതെന്നതും ഈ ഒളിംപിക്സിന്‍റെ പ്രത്യേകതയാണ്. ജപ്പാനീസ് പൌരന്മാരില്‍ നിന്നും ശേഖരിച്ച പഴയ ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും ലഭിച്ചത്. 30 കിലോ സ്വര്‍ണ്ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം. അതായത് മെഡലിന് ആവശ്യമായ സ്വര്‍ണ്ണത്തിന്‍റെ 94 ശതമാനവും, വെള്ളിയുടെയും വെങ്കലത്തിന്‍റെയും 85 ശതമാനവും ഈ പദ്ധതി പ്രകാരം ലഭിച്ചിരുന്നു. 

കൊവിഡ് കാരണം ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജപ്പാനിലെ ടോക്കിയോയില്‍ ഇന്നലെയാണ് ഒളിംപിക്‌സിന് തിരി തെളിഞ്ഞത്. കൊവിഡ് കാലത്ത് കര്‍ശന നിയന്ത്രണങ്ങളിലാണ് ലോക കായിക മാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടിയപ്പോള്‍ ആദ്യ ദിനം തന്നെ മെഡല്‍പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളിത്തിളക്കമായി. ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത് ഇതാദ്യമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!