കൊവിഡ് കാല ഒളിംപിക്‌സ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാന്‍

By Web Team  |  First Published Jul 8, 2021, 10:48 AM IST

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുകയും ഒളിംപിക്‌സ് നടത്തിപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം


ടോക്യോ: കൊവിഡ് സാഹചര്യത്തില്‍ ഒളിംപിക്‌സ് വേദിയായ ടോക്യോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. ഒളിംപിക്‌സിനിടെ സ്റ്റേഡിയത്തിലും നഗരത്തിലും കാണികളെ പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുകയും ഒളിംപിക്‌സ് നടത്തിപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. യോഗ്യത നേടിയ താരങ്ങളും പരിശീലകരും ഒഫീഷ്യൽസുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15000ലധികം ആളുകളാണ് ടോക്യോയിലെത്തുന്നത്. ഇവർക്ക് പുറമേ കാണികൾ കൂടി നഗരത്തിൽ വന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഇത് തടയാൻ ആഗസ്റ്റ് 22 വരെ വൈറസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കുകയാണ്.

Latest Videos

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയാക്കാനാണ് നീക്കമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശ കാണികളെ നേരത്തെ വിലക്കിയിരുന്നെങ്കിലും ആഭ്യന്തര കാണികളിൽ 10000 പേരെയോ സ്റ്റേഡിയത്തിന്‍റെ പകുതിയോ പങ്കെടുപ്പിക്കാൻ നേരത്തെ സംഘാടകർ ആലോചിച്ചിരുന്നു. ഇത് പൂർണമായും ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സേഫ് ഒളിംപിക്‌സ് എന്ന നയം നടപ്പാക്കുമെന്നും എല്ലാ മുൻകരുതലും ഉറപ്പാക്കുമെന്നും ടോക്യോ ഗവർണറും വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണെങ്കിലും മറ്റൊരു തരംഗം കൂടി ജപ്പാനിൽ ആരോഗ്യ വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഇതുവരെ 15% ആളുകൾ മാത്രമാണ് രണ്ട് ഡോസ് വാക്‌സീനും ജപ്പാനിൽ സ്വീകരിച്ചത്. ജപ്പാനിൽ 14800 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 23നാണ് ടോക്യോയില്‍ ഒളിംപിക്‌സ് ആരംഭിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!