എ സാംപിൾ പരിശോധനയിൽ പരാജയപ്പെട്ട സുമിത്തിനെതിരെ കഴിഞ്ഞ മാസം മൂന്നിന് തന്നെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു
ദില്ലി: ടോക്യോ ഒളിംപിക്സിന് ഒരുങ്ങുന്ന ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിന് കനത്ത തിരിച്ചടി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട സുമിത്തിന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി. വിലക്കിനെതിരെ ഏഴ് ദിവസത്തിനകം അപ്പീൽ നൽകാമെങ്കിലും ഒളിംപിക്സ് തുടങ്ങാൻ 20 ദിവസം മാത്രം ബാക്കിയുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സുമിത്തിന് കഴിഞ്ഞേക്കില്ല.
എ സാംപിൾ പരിശോധനയിൽ പരാജയപ്പെട്ട സുമിത്തിനെതിരെ കഴിഞ്ഞ മാസം മൂന്നിന് തന്നെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ബി സാംപിൾ പരിശോധനയിലും പരാജയപ്പെട്ടതോടെ രണ്ട് വർഷ വിലക്ക് ഉറപ്പിക്കുകയായിരുന്നു. 2018ലെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ സുമിത് 125 കിലോ വിഭാഗത്തിലാണ് ടോക്യോയിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.
അമേരിക്കയ്ക്കും പ്രഹരം
ടോക്യോ ഒളിംപിക്സിന് മുൻപ് അമേരിക്കയ്ക്ക് വൻ തിരിച്ചടി. വനിതകളുടെ 100 മീറ്ററിൽ സ്വർണപ്രതീക്ഷയായ ഷകേരി റിച്ചാർഡ്സൺ മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായി. ഇരുപത്തിയൊന്നുകാരിയായ ഷകേരി അമേരിക്കയിലെ ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ ഒന്നാമതെത്തിയാണ് ടോക്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ താരം മാരിജുവാന ഉപയോഗിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഷകേരിയുടെ മത്സരഫലം റദാക്കുകയും ഒരു മാസത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തു.
അമ്മ മരിച്ചപ്പോഴുണ്ടായ വിഷമം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും കുടുംബാംഗങ്ങളോടും സ്പോൺസർമാരോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷകേരി പറഞ്ഞു. സീസണിൽ 10.72 സെക്കൻഡാണ് 100 മീറ്ററിൽ ഷകേരിയുടെ മികച്ച സമയം.
കോപ്പ അമേരിക്ക: സെമിയിലേക്ക് പന്തടിക്കാന്‍ അർജന്‍റീന; മത്സരം നാളെ പുലർച്ചെ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona