പ്രണയത്തിന്‍റെ അമ്പെയ്‌ത്ത്; അതാനു ദാസും ദീപിക കുമാരിയും ഒരു അപൂര്‍വ പ്രണയകഥ

By Web Team  |  First Published Jul 29, 2021, 3:03 PM IST

'ദീദാസ്' എന്നാണ് അമ്പെയ്‌ത്ത് കളത്തില്‍ അതാനു ദാസിന്‍റെയും ദീപിക കുമാരിയുടേയും ചുരുക്കപ്പേര്. 2008ല്‍ ടാറ്റ അക്കാദമിയില്‍ അമ്പെയ്‌ത്ത്  പഠിക്കാനെത്തിയപ്പോഴാണ് പ്രണയകഥയുടെ തുടക്കം. കഴിഞ്ഞ വര്‍ഷം വിവാഹിതരായി. 


ടോക്കിയോ: ഇന്ത്യന്‍ കായികരംഗത്ത് ഒരമ്പിലും വില്ലിലും കിളിര്‍ത്ത പ്രണയകഥയാണ് ആര്‍ച്ചറി താരങ്ങളായ അതാനു ദാസിന്‍റെയും ദീപിക  കുമാരിയുടേയും. ജംഷഡ്‌പൂരിലെ ടാറ്റ അക്കാദമിയില്‍ പഠിക്കവെ മൊട്ടിട്ട സൗഹൃദമാണ് ഇരുവരെയും ജീവിത പങ്കാളികളാക്കിയത്. റിയോയ്‌ക്ക്  പിന്നാലെ ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യന്‍ ആര്‍ച്ചറി ടീമിനെ ഈ ജോഡി പ്രതിനിധീകരിച്ചു. 

Latest Videos

'ദീദാസ്' എന്നാണ് അമ്പെയ്‌ത്ത് കളത്തില്‍ അതാനു ദാസിന്‍റെയും ദീപിക കുമാരിയുടേയും ചുരുക്കപ്പേര്. 2008ല്‍ ടാറ്റ അക്കാദമിയില്‍ അമ്പെയ്‌ത്ത്  പഠിക്കാനെത്തിയപ്പോഴാണ് പ്രണയകഥയുടെ തുടക്കം. കഴിഞ്ഞ വര്‍ഷം വിവാഹിതരായി. 

അതാനു പശ്ചിമ ബംഗാളിലും ദീപിക ഝാർഖണ്ഡിലുമാണ് ജനിച്ചത്. ഹിന്ദിയറിയാത്തതിനാല്‍ അതാനു അധികം സംസാരിക്കാറില്ലായിരുന്നു എന്ന് പറയുന്നു ദീപിക കുമാരി. എങ്കിലും പടലപ്പിണക്കങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. കുപ്പിവെള്ളം എടുത്തതിന് പോലും തല്ലുകൂടുമായിരുന്നു എന്ന് അതാനു പറഞ്ഞു. എന്നാല്‍ ഭാഷയെ സൗഹൃദം കൊണ്ടും പിന്നീട് പ്രണയം കൊണ്ടും ഇരുവരും മറികടന്നു. 

ഒരു ഒളിംപിക്‌സിലെ ഒരേയിനത്തില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ ദമ്പതികളാണ് ദീപിക കുമാരിയും അതാനു ദാസും. ടോക്കിയോയ്‌ക്ക് മുമ്പ് റിയോ  ഒളിംപിക്‌സിലും ഇരുവരും മത്സരിച്ചിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു അത്. പ്രണയ കാര്യം സഹതാരങ്ങളോട് പറയാതെ ഇരുവരും കാത്തുസൂക്ഷിച്ചു. വിവാഹനിശ്ചയം പൂര്‍ത്തിയായ 2018 ഡിസംബറില്‍ മാത്രമാണ് പുറംലോകം അത് അറിഞ്ഞതെന്ന് അതാനു ഇഎസ്‌പിഎന്നിനോട് വ്യക്തമാക്കിയിരുന്നു.

ടോക്കിയോ ഒളിംപിക്‌സിന് ശേഷം വിവാഹിതരാവാനാണ് തീരുമാനിച്ചതെങ്കിലും കൊവിഡ് മഹാമാരി പദ്ധതികള്‍ മാറ്റിമറിച്ചു. മഹാമാരിയെ തുടര്‍ന്ന് ഗെയിംസ് ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചതോടെ 2020 വര്‍ഷം ജൂണ്‍ 30ന് വിവാഹിതരാവുകയായിരുന്നു. ദീപികയുടെ നാടായ റാഞ്ചിയിലായിരുന്നു വിവാഹ  ചടങ്ങുകള്‍. ഇന്ത്യന്‍ ആര്‍ച്ചറിയിലെ താരജോഡിയുടെ വിവാഹം അന്ന് വലിയ വാര്‍ത്തയാവുകയും ചെയ്തു. 

ഇത്തവണ ഒളിംപിക്‌സില്‍ പുരുഷ അമ്പെയ്‌ത്തിലെ വ്യക്തിഗത ഇനത്തില്‍ വന്‍ അട്ടിമറിയുമായി കുതിക്കുകയാണ് അതാനു ദാസ്. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെകിനെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം കായിക മാമാങ്കത്തിന്‍റെ സമ്മര്‍ദം താങ്ങാനാവാതെ പതറി പുറത്താവുന്ന ദീപിക കുമാരിയേയാണ് ടോക്കിയോയില്‍ കണ്ടത്. പ്രണയം പൂവിട്ടെങ്കിലും ഒളിംപിക്‌ മെഡല്‍ മൊട്ടിടാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആര്‍ച്ചറിയിലെ സൂപ്പര്‍സഖ്യം.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!