റാക്കറ്റേന്തിയ കാലത്തെല്ലാം കോട്ടിനകത്തും പുറത്തും ഒരുപോലെ എതിരാളികളെ നേരിടേണ്ടിവന്നു. വസ്ത്രത്തിന്റെയും ജീവിതരീതിയുടേയും വിവാഹത്തിന്റെയും പേരില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെട്ട, ആക്രമിക്കപ്പെട്ട മറ്റൊരുതാരം ഇന്ത്യയിലുണ്ടാവില്ല.
ദുബായ്: പ്രൊഫണല്‍ കരിയറിലെ വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സാനിയ മിര്‍സയ്ക്ക് നാളെ ആദ്യമത്സരം. ദുബായ് ഓപ്പണ്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമാണ് സാനിയ കോര്‍ട്ടിലെത്തുക. വെറോണിക്ക കൂഡര്‍മെറ്റോവ, ലിയൂഡ്മില സാംസനോവ സഖ്യമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടെന്നിസിന്റെ മുഖച്ഛായ മാറ്റിയാണ് സാനിയ മിര്‍സ കളിക്കളത്തില്‍ നിന്ന് പടിയിറങ്ങുന്നത്. കളിക്കളത്തിനകത്തും പുറത്തും നിരവധി വെല്ലുവിളികള അതിജീവിച്ച സാനിയ ഇന്ത്യയിലെ യുവതാരങ്ങള്‍ക്കെല്ലാം മാതൃകയും പ്രചോദനവുമാണ്.
റാക്കറ്റേന്തിയ കാലത്തെല്ലാം കോര്‍ട്ടിനകത്തും പുറത്തും ഒരുപോലെ എതിരാളികളെ നേരിടേണ്ടിവന്നു. വസ്ത്രത്തിന്റെയും ജീവിതരീതിയുടേയും വിവാഹത്തിന്റെയും പേരില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെട്ട, ആക്രമിക്കപ്പെട്ട മറ്റൊരുതാരം ഇന്ത്യയിലുണ്ടാവില്ല. ഇതിനെയെല്ലാം അതിജീവിച്ച സാനിയ ലോക വനിതാ ടെന്നിസില്‍ ഇന്ത്യയുടെ മേല്‍വിലാസമായാണ് മുപ്പത്തിയാറാം വയസ്സില്‍ പടിയിറങ്ങുന്നത്. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തുന്നത് 2003ല്‍. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും ഒത്തുചേര്‍ന്നപ്പോള്‍ സാനിയ ഇന്ത്യന്‍ വനിതാ ടെന്നിസിന് സ്വപ്നം കാണാവുന്നതിനും അപ്പുറത്തേക്ക് വളര്‍ന്നു. ഇന്ത്യന്‍ ടെന്നിസിന്റെ മുഖവും മേല്‍വിലാസവുമായി.
undefined
2005ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം റൗണ്ടിലും യുഎസ് ഓപ്പണില്‍ നാലാംറൗണ്ടിലുമെത്തി ചരിത്രം കുറിച്ചു. സിംഗിള്‍സ് റാങ്കിംഗില്‍ ഇരുപത്തിയേഴില്‍ എത്തിയപ്പോഴും ഇന്ത്യയില്‍ തുല്യം വയ്ക്കാനാവാത്ത നേട്ടം. 2013ല്‍ സിംഗില്‍സ് മതിയാക്കി ശ്രദ്ധമുഴുവന്‍ ഡബിള്‍സിലേക്ക്. ആറ് ഗ്രാന്‍സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങള്‍. വനിതാ ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം പതിനാറ് കിരീടങ്ങള്‍ക്കൊപ്പം ലോകറാങ്കിംഗില്‍ ഒന്നാംസ്ഥാനം. മഹേഷ് ഭൂപതിക്കൊപ്പം രണ്ടും ബ്രൂറോ സോറസിനൊപ്പം ഒരിക്കലും മിക്‌സ്ഡ് ഡബിള്‍സില്‍ ഗ്രാന്‍സ്ലാം കിരീടം.
ഏഷ്യാഡിലും ആഫ്രോ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ത്തിളക്കം. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്‌ന അംഗീകാരങ്ങള്‍. പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷുഐബ് മാലിക്കുമായുള്ള വിവാഹം. ഇഷാന്റെ അമ്മയായ ശേഷവും ടെന്നിസ്‌കോര്‍ട്ടിലെ പ്രതീക്ഷ. ഇന്ത്യന്‍ കായികഭൂപടത്തില്‍ സമാനതകളില്ല സാനിയ മിര്‍സയ്ക്ക്. ഇരുപതുവര്‍ഷം നീണ്ട പ്രൊഫഷണല്‍ കരിയര്‍ അവസാനിക്കുമ്പോള്‍ സാനിയ്ക്ക് പകരം വയ്ക്കാനൊരു താരമില്ല ഇന്ത്യക്ക്. ഇതുകൊണ്ടുതന്നെ കോര്‍ട്ടിനോട് വിടപറഞ്ഞാലും സാനിയ തന്നെയായിരിക്കും ഇന്ത്യന്‍ വനിതാ ടെന്നിസിന്റെ മുഖം. മത്സരവേദികളോട് വിടപറയുകയാണെങ്കിലും സാനിയ റാക്കറ്റ് താഴെ വയ്ക്കില്ല. പുതുതലമുറയെ കളി പഠിപ്പിക്കാന്‍ ദുബൈയിലും ഹൈദരാബാദിലും അക്കാഡമി തുടങ്ങിക്കഴിഞ്ഞു. പ്രഥമ വനിതാ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മെന്ററായും സാനിയയെ കാണാം.