ഒരു വർഷമായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും, നിലപാട് വ്യക്തമാക്കി വിനേഷ് ഫോഗട്ട്; വിരമിച്ചേക്കില്ലെന്ന് സൂചന

By Web Team  |  First Published Aug 18, 2024, 9:14 AM IST

എന്‍റെ ജനങ്ങൾക്കും രാജ്യത്തിനും നന്ദി പറയുന്നു. ഗുസ്തി തുടരുമോ ഇല്ലയോ എന്നത് പറയാൻ സാധിക്കില്ല. എന്നാൽ ഒരു വർഷമായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. 


ബലാലി: വിരമിച്ചേക്കില്ലെന്ന സൂചന വീണ്ടും നൽകി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജന്മനാടായ ബലാലിയിലൊരുക്കിയ സ്വീകരണത്തിലാണ് താരത്തിന്‍റെ പ്രതികരണം. ഒളിമ്പിക്സ് മെഡൽ വലിയൊരു മുറിവായി മാറി. ആ മുറിവുണങ്ങാൻ സമയം എടുക്കും. എന്‍റെ ജനങ്ങൾക്കും രാജ്യത്തിനും നന്ദി പറയുന്നു. ഗുസ്തി തുടരുമോ ഇല്ലയോ എന്നത് പറയാൻ സാധിക്കില്ല. എന്നാൽ ഒരു വർഷമായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. 

അതേസമയം, ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് വിനേഷിന് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്. കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മയും പറഞ്ഞു.

Latest Videos

നേരത്തെ, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചനയും വിനേഷ് ഫോഗട്ട് നല്‍കിയിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനം തനിക്ക് അറിയാമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. സപ്പോര്‍ടിംഗ് സ്റ്റാഫിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങള്‍ക്കിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വനിതകളുടെ അന്തസിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കുമായാണ് ഗുസ്തി സമരത്തില്‍ പൊരുതിയത്. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരും. പാരിസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പങ്കുവെച്ച കത്തില്‍ പറയുന്നു. പോരാട്ടം ഇനിയും തുടരുമെന്ന് സൂചന തന്നെയാണ് ഫോഗട്ട് ഇപ്പോഴും നല്‍കുന്നത്. 

click me!