ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ താരത്തിന്‍റെ വീട്ടിൽ ഒരു ടിവി പോലും ഇല്ലെന്ന വാർത്ത അവിശ്വസനീയതയോടെയാണ് രാജ്യം വായിച്ചത്...
ദില്ലി: ഒടുവിൽ ഇന്ത്യൻ വനിതാ ഹോക്കി താരം സലീമ ടേടേയുടെ കുടുംബത്തിന് മത്സരം കാണാൻ ഒരു ടിവി കിട്ടി. പ്രധാനമന്ത്രിയുടെ ഇടപെടൽ കൊണ്ടാണ് ദരിദ്ര കുടുംബത്തിന് ടിവിയും ഡിടിഎച്ച് കണക്ഷനും ഏർപ്പാടാക്കിയത്. ഇതോടെ സെമി പോരാട്ടം തത്സമയം കാണാൻ വീട്ടുകാർക്കും നാട്ടുകാർക്കും സാധിക്കും.
ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ താരത്തിന്‍റെ വീട്ടിൽ ഒരു ടിവി പോലും ഇല്ലെന്ന വാർത്ത അവിശ്വസനീയതയോടെയാണ് രാജ്യം വായിച്ചത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്ത പതിയെ കാണേണ്ടവരുടെ കണ്ണ് തുറപ്പിക്കുകയാണ്. വാർത്തയ്ക്ക് പിന്നാലെ 43 ഇഞ്ച് സ്മാർട് ടിവിയും ഡിടിഎച്ച് കണക്ഷനും ജില്ലാ ഭരണകൂടം ഏർപ്പാടാക്കി.
45 കുടുംബങ്ങളുള്ള ഗ്രാമത്തിലെ ആദ്യത്തെ ടെലിവിഷൻ. ഇനി മകളുടെ മത്സരം അച്ഛനമ്മമാർച്ച് ലൈവായി കാണാം. ജാർഖണ്ഡിലെ പിന്നാക്കം നിൽക്കുന്ന മാവോയിസ്റ്റ് ബാധിത മേഖലയിലാണ് സലീമയുടെ ഗ്രാമം. മൊബൈൽ ഫോണിൽ കളികാണാൻ ഇന്‍റെർനെറ്റിന് സ്പീഡ് പേരിന് പോലും ഇല്ല. സലീമയുടെ സഹോദരി മഹിമയും ദേശീയ തലത്തിൽ ഹോക്കി താരമാണ്.