ടെന്നീസ് ലോകത്ത് നിന്ന് ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവ, ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രത്തിലിടം നേടിയ ഇളമുറക്കാരി കോക്കോ ഗൗഫ്. ടോസിട്ടത് ഹോളിവുഡ് സംവിധായകന്‍ സ്‌പൈക്ക് ലീ. ആദരമര്‍പ്പിച്ചുള്ള വാക്കുകളുമായി എത്തിയത് ഒപ്ര വിന്‍ഫ്രിയും ക്വീന്‍ ലത്തീഫയും സാക്ഷാല്‍ ബില്ലി ജീന്‍ കിങ്ങും.
ആര്‍തര്‍ ആഷേ സ്റ്റേഡിയം തിങ്ങി നിറഞ്ഞ് കാണികള്‍. കൃത്യം എണ്ണം പറഞ്ഞാല്‍ 29,402 പേര്‍. വൈകുന്നേരത്തെ മത്സരം കാണാനെത്തുന്നവരുടെ കണക്കില്‍ യുഎസ് ഓപ്പണില്‍ ഇത്ര പേര്‍ മുമ്പ് വന്നിട്ടില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കാണികളുടെ കൂട്ടത്തില്‍ കുറേ വിഐപികളും ഉണ്ടായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബോക്‌സിങ് താരം മൈക്ക് ടൈസണ്‍, ഹോളിവുഡ് താരങ്ങളായ മാറ്റ് ഡെമണ്‍, ആന്റണി ആന്‍ഡേഴ്‌സണ്‍, ഹ്യൂ ജാക്മാന്‍, ലോകപ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വേറ വാങ്, വോഗ് മാഗസിന്‍ എഡിറ്റര്‍ അന്ന വിന്റോാര്‍ അങ്ങനെ കുറേ പേര്‍.
ടെന്നീസ് ലോകത്ത് നിന്ന് ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവ, ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രത്തിലിടം നേടിയ ഇളമുറക്കാരി കോക്കോ ഗൗഫ്. ടോസിട്ടത് ഹോളിവുഡ് സംവിധായകന്‍ സ്‌പൈക്ക് ലീ. ആദരമര്‍പ്പിച്ചുള്ള വാക്കുകളുമായി എത്തിയത് ഒപ്ര വിന്‍ഫ്രിയും ക്വീന്‍ ലത്തീഫയും സാക്ഷാല്‍ ബില്ലി ജീന്‍ കിങ്ങും. എല്ലാവരും എത്തിയത് ഒരേ മനസ്സോടെ. ഒരിടവേളക്ക് ശേഷം കോര്‍ട്ടിലെത്തുന്ന ഒരു ചരിത്രവ്യക്തിത്വത്തെ പ്രോത്സാഹിപ്പിക്കാന്‍, ആര്‍പ്പുവിളിക്കാന്‍. സെറീന വില്യംസ് എന്ന ലോകത്തെ എക്കാലത്തേയും മികച്ച ടെന്നീസ് താരത്തിന് കാലം കാത്തുവെച്ച ആദരം.
undefined
കോര്‍ട്ടിലേക്ക് സെറീന എത്തിയത് നൈക്കി സമ്മാനിച്ച പ്രത്യേക ഡിസൈനര്‍ വസ്ത്രം ധരിച്ച്. കോര്‍ട്ടിലെ രത്‌നത്തിളക്കം വജ്രക്കല്ലുകള്‍ പതിച്ച വേഷത്തിലെത്തിയപ്പോള്‍ കയ്യടിച്ചു പാസാക്കി കാണികള്‍. കോര്‍ട്ടിലേക്കുള്ള വരവ് കാന്യെ വെസ്റ്റിന്റെ ഡയമണ്ട് എന്ന പാട്ടാടെ. (Diamonds from Sierra Leone ആല്‍ബം Late Registration) എല്ലാത്തിനും മാധുര്യം കൂട്ടുന്ന ഒരു സ്‌പെഷ്യല്‍ അതിഥി കൂടി വിഐപി ബോക്‌സിലുണ്ടായിരുന്നു. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിലെ കാണികളില്‍ സെറീനക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍. വേറെ ആരുമല്ല. മകള്‍ ഒളിമ്പ്യ. അമ്മയുടെ ഉടുപ്പിനോട് സാമ്യമുള്ള ഫ്രോക്കുമിട്ടിരുന്ന ഒളിംപ്യ കയ്യിലുള്ള കുഞ്ഞ് ക്യാമറയില്‍ അമ്മയുടെ വരവ് നിറഞ്ഞ ചിരിയോടെ പകര്‍ത്തുന്നുണ്ടായിരുന്നു. ഹെയര്‍ സ്‌റ്റൈലിനും ഉണ്ടായിരുന്നു ഒരു പ്രത്യേകത. പിരിച്ച് പിരിച്ച് പിന്നിക്കെട്ടിയ മുടിയിഴകളില്‍ വെള്ള മുത്തുകള്‍ കൊരുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999ല്‍ തന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം നേടുമ്പോള്‍ സെറീനയുടെ ഹെയര്‍ സ്‌റ്റൈല്‍ ആയിരുന്നു അത്.
സെറീനക്ക്, അഭിവാദ്യവും ആശംസയുമായി സ്‌പോര്‍ട്‌സ് ഡ്രിങ് ബ്രാന്‍ഡ് ആയ ഗാറ്റൊറേഡ് Gatorade ആശംസകള്‍ അര്‍പ്പിച്ചതും വേറിട്ട രീതിയിലാണ്. ലോഗോയിലെ G, S എന്നുമാറ്റി. മാറ്റം ബ്രാന്‍ഡിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കാണാം. ടൂര്‍ണമെന്റില്‍ സെറീനക്ക് സ്‌പെഷ്യല്‍ എഡിഷന്‍ ടവലും വെള്ളക്കുപ്പിയും ഉണ്ടാകും. ആദ്യമത്സരത്തില്‍ മോണ്ടിനെഗ്രോയില്‍ നിന്ന് എത്തിയ ഡാന്‍ക കൊവിനിച്ചിനെ 6-3, 6-3 ന് തോല്‍പിച്ച് സെറീന നാല്‍പതാം വയസ്സിലും തളരാത്ത പോരാട്ടവീര്യവും മികവും തെളിയിച്ചു. ഇനിയൊരു ബാല്യം ഇല്ലാത്തതു കൊണ്ടല്ല. ജീവിതത്തില്‍ പ്രധാനം എന്നു കരുതുന്ന മറ്റ് ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നതെന്ന സ്വന്തം വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആദ്യമത്സരത്തിലെ സെറീനയുടെ പ്രകടനം. ഇനിയുള്ള മത്സരങ്ങളുടെ ഫലം എന്തു തന്നെ ആയാലും ടെന്നീസ് ചരിത്ര പുസ്തകത്തില്‍ ഇതുവരെ കോറിയിട്ട മികവിന്റെ കണക്കുകള്‍ മാത്രം മതി സെറീനക്ക്.
27വര്‍ഷം നീണ്ട ടെന്നീസ് ജീവിതം. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. സംഭവബഹുലമായ ചരിത്രപരമായ കായികജീവിതത്തില്‍ നിന്ന് വഴിപിരിയുന്നതിന്റെ സൂചനകള്‍ സെറീന നല്‍കിയത് ഈ മാസം ആദ്യമാണ്. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം കണ്ട കോര്‍ട്ടില്‍ നിന്ന് വിരമിക്കാനായിരുന്നു സെറീനയുടെ തീരുമാനം. അന്ന് ഫൈനലില്‍ തോല്‍പിച്ചത് ജീവിതത്തിലും സ്‌പോര്‍ട്‌സിലും വഴികാട്ടിയും മാതൃകയുമായ സഹോദരി വീനസിനെ. അന്ന് വൈറ്റ് ഹൗസില്‍ നിന്ന് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ബില്‍ ക്ലിന്റണ്‍ ഇന്നിപ്പോള്‍ നേരിട്ടെത്തി അഭിവാദ്യം അര്‍പ്പിച്ചത് അമേരിക്കന്‍ കായിക ലോകത്തിന് സെറീന നല്‍കിയ അതുല്യ സംഭാവനകള്‍ക്കുള്ള പ്രശംസാസാന്നിധ്യമായി. ഏറെക്കാലം (319 ആഴ്ച) ലോകത്ത് ഒന്നാംനമ്പര്‍ താരമായിരുന്ന, 23 ഗ്രാന്‍ഡ് സ്ലാം നേട്ടമെന്ന നേട്ടം സ്വന്തമായുള്ള ആധുനിക ടെന്നീസ് ലോകത്തെ ഏക താരമായ (22 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയാണ് നദാല്‍ ഫെഡററെ മടികടന്നത്) സെറീന വില്യംസ് അല്ലെങ്കില്‍ വേറെ ആരാണ് ടെന്നീസ് രംഗത്തെ GOAT?