CWG 2022 : പ്രായം 40! മൂന്ന് സ്വര്‍ണം, ഒരു വെള്ളി; ഇന്ത്യയുടെ മെഡൽ വേട്ടക്കാരനായി അ‍ജന്ത ശരത് കമല്‍

By Jomit Jose  |  First Published Aug 9, 2022, 8:24 AM IST

പതിമൂന്നാം മെ‍ഡൽ നേടി കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ നേടിയ രണ്ടാമത്തെ താരമാവാനും അജന്തക്കായി


ബർമിംഗ്‌ഹാം: ഈ കോമണ്‍വെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ഇന്ത്യയുടെ മെഡൽ വേട്ടക്കാരൻ അ‍ജന്ത ശരത് കമലാണ്(Achanta Sharath Kamal). ടേബിൾ ടെന്നിസിൽ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയുമാണ് നാൽപതുകാരൻ സ്വന്തമാക്കിയത്. ഇനിയൊരു കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നതിന്‍റെ സാധ്യതയും അജന്ത തള്ളിക്കളയുന്നില്ല

നാലാം വയസിലാണ് അജന്ത ശരത് കമലെന്ന ദില്ലിക്കാരൻ ആദ്യമായി റാക്കറ്റ് കയ്യിലേന്തുന്നത്. നാൽപതാം വയസിലും ആവേശത്തിന് ഒട്ടും കുറവില്ല. 2006 മെൽബണ്‍ കോമണ്‍വെൽത്ത് ഗെയിംസിൽ സ്വര്‍ണം നേടിയ അജന്ത 16 വര്‍ഷത്തിനിപ്പുറവും ആ നേട്ടം ആവര്‍ത്തിച്ചു. സിംഗിൾസിന് പുറമെ പുരുഷ ടീം ഇനത്തിലും മിക്സ്ഡ് ഡബിൾസിലും സ്വര്‍ണം കരസ്ഥമാക്കി. പുരുഷ ഡബിൾസിൽ വെള്ളിയും സ്വന്തം. അജന്ത പ്രൊഫഷണൽ കരിയര്‍ തുടങ്ങുമ്പോൾ സ്‌കൂൾ വിദ്യാര്‍ത്ഥികളായിരുന്ന സത്യന്‍റെയും ഹര്‍മീതിന്‍റേയും ശ്രീജ അകൂലയുടെയും ചടുലതയ്ക്കൊപ്പം നിന്നാണ് ഈ നേട്ടം.

Latest Videos

undefined

പതിമൂന്നാം മെ‍ഡൽ നേടി കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ നേടിയ രണ്ടാമത്തെ താരമാവാനും അജന്തക്കായി. ഇത്രയോക്കെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും അധികാരികൾ അ‍ർഹിച്ച അംഗീകാരങ്ങൾ നൽകാതെ അവഗണിക്കുന്നതും പതിവുകാഴ്ച. മണിക ബത്രയ്ക്ക് ഖേൽരത്ന നൽകിയപ്പോഴും ഇതിഹാസതാരമായി മാറിയ അജന്തയെ തഴഞ്ഞു. ബര്‍മിംഗ്ഹാമിലും മെഡൽ വാരി വരുന്പോൾ അജന്തയെ ഇനിയും അവഗണിക്കാനാവുമോ അധികാരികൾക്ക്.

കോമൺവെൽത്ത് ഗെയിംസിൽ ബർമിംഗ്‌ഹാമിൽ മെഡൽക്കൊയ്ത്ത് നടത്തിയാണ് ഇന്ത്യ മടങ്ങിയത്. 22 സ്വർണമടക്കം 61 മെഡലുകൾ നേടിയ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജംപിംഗ് പിറ്റില്‍ മലയാളി താരങ്ങളായ എൽദോസ് പോളും എം.ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും ചരിത്രം കുറിച്ചപ്പോൾ ഇരട്ടമെഡൽ നേടി ബാഡ്മിന്‍റൺ താരം ട്രീസ ജോളിയും ആദ്യ കോമൺവെൽത്ത് ഗെയിംസ് അവിസ്മരണീയമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ഓസ്‌ട്രേലിയ ആധിപത്യം നിലനിര്‍ത്തി, ഇന്ത്യ നാലാമത്

click me!