ജൂലൈ 27ന് നടന്ന വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്‌സിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിരമിക്കുകയാണെന്ന് അലോൺസോ നേരത്തെ പറഞ്ഞിരുന്നു.
പാരിസ്: അനുചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് പരാഗ്വേ നീന്തൽ താരത്തെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കാൻ തീരുമാനം. 20 കാരിയായ ലുവാന അലോൺസോയോടാണ് ഒളിമ്പിക്സ് വില്ലേജ് വിടാൻ ആവശ്യപ്പെട്ടത്. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈ യോഗ്യത വെറും 0.24 സെക്കൻഡിനാണ് അലോൺസോയ്ക്ക് നഷ്‌ടമായത്. തുടർന്നാണ് താരത്തോട് നാട്ടിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടത്. താരത്തിന്റെ സാന്നിധ്യം പരാഗ്വേ ടീമിനുള്ളിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പരാഗ്വേ ഒളിമ്പിക് കമ്മിറ്റി തലവൻ ലാറിസ ഷെറർ പറഞ്ഞു. താരത്തിന്റെ പെരുമാറ്റം രാജ്യത്തിൻ്റെ ഒളിമ്പിക് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടിയുടുപ്പ് ധരിച്ച് മറ്റ് കായിക താരങ്ങളോട് അടുത്തിടപഴകുന്നതാണ് പ്രശ്നത്തിന് കാരണമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 27ന് നടന്ന വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്‌സിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിരമിക്കുകയാണെന്ന് അലോൺസോ നേരത്തെ പറഞ്ഞിരുന്നു. 2004 സെപ്തംബർ 19 ന് ജനിച്ച അലോൺസോ പരാഗ്വേയിലെ മുൻനിര നീന്തൽ താരമാണ്. 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ പരാഗ്വേയുടെ ദേശീയ റെക്കോർഡ് ഉടമയാണ് ഇവർ. യു.എസ്. ഡാളസിലെ സതേൺ മെത്തഡിസ്റ്റ് സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ലുവാന.
17-ാം വയസ്സിൽ 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ആദ്യമായി തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. അന്ന് 28ാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും രാജ്യത്ത് പ്രശസ്തയായി. യൂത്ത് ഒളിമ്പിക് ഗെയിംസ്, സൗത്ത് അമേരിക്കൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവയിലും പങ്കെടുത്തു. 2024 ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ 8,98,000 ഫോളോവേഴ്‌സ് ഉള്ള അലോൺസോ, തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് പറഞ്ഞു. വില്ലേജിൽ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും അവർ ഇൻസ്റ്റ പോസ്റ്റിൽ പറഞ്ഞു.