അഞ്ച് സെറ്റ് നീണ്ട പോരില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ഫൈനലിലെത്തിയത്. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.
പാരീസ്: ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ഫൈനലിലെത്തിയത്. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഇന്നുതന്നെ നടക്കുന്ന നൊവാക് ജോക്കോവിച്ച്- റാഫേല്‍ നദാല്‍ മത്സരത്തിലെ വിജയിയാണ് സിറ്റ്‌സിപാസ് ഫൈനലില്‍ നേരിടുക.
മൂന്ന് മണിക്കൂറും 37 മിനിറ്റുമാണ് മത്സരം നീണ്ടുനിന്ന മത്സരത്തില്‍ 3-6 3-6 6-4 6-4 3-6 എന്ന സ്‌കോറിനായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം. ആദ്യ രണ്ട് സെറ്റുകളും അനായാസമായിരുന്നു സിറ്റ്‌സിപാസിന്. രണ്ടാം സെറ്റില്‍ സ്വെരേവ് ഒരു തവണ സിറ്റ്‌സിപാസിന്റെ സെര്‍വ് ബ്രേക്ക് ചെയ്തിരുന്നു. എന്നാല്‍ രണ്ട് തവണ തിരിച്ചടിച്ച് സിറ്റ്‌സിപാസ് സെറ്റ് സ്വന്തമാക്കി. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ സ്വെരേവ് മൂന്നും നാലും സെറ്റ് സ്വന്തമാക്കി.
നിര്‍ണായകമായ അവസാന സെറ്റ് ആവേശം നിറഞ്ഞതായിരുന്നു. ആദ്യ സെര്‍വിംഗ് ഗെയിമില്‍ തന്നെ സിറ്റ്‌സിപാസ് മൂന്ന് ബ്രേക്ക് പോയിന്റുകള്‍ മറികടന്നു. പിന്നാലെ സ്വെരേവിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത സിറ്റ്‌സിപാസ് 4-1ന്റെ ലീഡും നേടി. തുടര്‍ന്ന് 3-5ലേക്കും. സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതോടെ സിറ്റ്‌സിപാസിന് ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിന് അരങ്ങൊരുങ്ങി.
ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്‌സിപാസ്. വനിതാ വിഭാഗത്തില്‍ മത്സരിച്ച മരിയ സക്കറി സെമിയില്‍ പുറത്താവുകയായിരുന്നു.