ഹോക്കിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറെന്ന് ശ്രീജേഷ്! അഭിമാന താരത്തിന് അസാധാരണ യാത്രയയപ്പ്

By Web Team  |  First Published Aug 14, 2024, 2:39 PM IST

വിജയവും പരാജയവും കടന്നു പോകുമെന്നും ശ്രീജേഷ് ചടങ്ങിനിടെ വ്യക്തമാക്കി.


ദില്ലി: പി ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യ ഔദ്യോഗിക യാത്രയയപ്പ് നല്‍കി. അസാധാരണ ആദരവാണ് താരത്തിന് ലഭിക്കുന്നത്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു യാത്രയയപ്പ് താരത്തിന് ലഭിക്കുന്നത്. സഹതാരങ്ങള്‍ വേദിയില്‍ എത്തിയത് ശ്രീജേഷ് എന്നെഴുതിയ ജഴ്‌സി അണിഞ്ഞു. ചടങ്ങില്‍ ഇന്ത്യയുടെ വനിതാ ഷൂട്ടര്‍ മനു ഭാക്കറും ഉണ്ടായിരുന്നു. ശ്രീജേഷിനു ഹോക്കി ഇന്ത്യ 25 ലക്ഷം രൂപ കാഷ് അവാര്‍ഡ് സമ്മാനിച്ചു. വേദിയില്‍ ശ്രീജേഷിനൊപ്പം കുടുംബവുമുണ്ടായിരുന്നു.

വിജയവും പരാജയവും കടന്നു പോകുമെന്നും ശ്രീജേഷ് ചടങ്ങിനിടെ വ്യക്തമാക്കി. കേരളത്തില്‍ ഹോക്കി വളര്‍ത്താന്‍ കുട്ടികള്‍ക്ക് സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കണമെന്നും ശ്രീജേഷ്. ശാസ്ത്രീയമായ പരിശീലനം ആവശ്യമാണ്. ഹോക്കിക്ക് വേണ്ടി എന്തും ചെയ്യുമെന്നും സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ശ്രീജേഷ്. അതേസമയം, 16 -ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ചു. ശ്രീജേഷിനോടുള്ള ആദര സൂചകമായിട്ടാണ് ജഴ്‌സി പിന്‍വലിച്ചത്.

Latest Videos

undefined

ശ്രീജേഷിന്റെ ജേഴ്‌സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു! രാഹുല്‍ ദ്രാവിഡിന്റെ പാത സ്വീകരിക്കുന്നുവെന്ന് ഇതിഹാസതാരം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കുമെന്നാണ് ശ്രീജേഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിരമിച്ച ശേഷം പരിശീലകനാവുക എന്നത് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ അതെപ്പോള്‍ സംഭവിക്കുമെന്നുള്ളത് കാത്തിരുന്ന് കാണാം. കുടുംബത്തിനാണ് മുന്‍ഗണന. അവരില്‍ നിന്ന് അഭിപ്രായം തേടേണ്ടതുണ്ട്. ദ്രാവിഡ് ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങിയത് പോലെ ചെയ്യാനാണ് ഞാനും ആഗ്രഹിക്കുന്നത്. താരങ്ങളെ കണ്ടെത്തി സീനിയര്‍ ടീമിലെത്തിക്കണം.'' ശ്രീജേഷ് പറഞ്ഞു.

പരിശീലകനാകുന്നതിനെ കുറിച്ച് ശ്രീജേഷ് സംസാരിക്കുന്നതിങ്ങനെ... ''അടുത്ത വര്‍ഷം ജൂനിയര്‍ ഹോക്കി ലോകകപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ ടീമും ലോകകപ്പ് കളിക്കും. 2028 ആവുമ്പോഴേക്കും എനിക്ക് 20 മുതല്‍ 40 കളിക്കാരെ തയ്യാറാക്കണം. പിന്നീടുള്ള വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കണം. 2032ഓടെ ചീഫ് കോച്ചിന്റെ സ്ഥാനത്തേക്ക് വരികയാമ് ലക്ഷ്യം. 2036ലെ ഒളിംപിക്സ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ പരിശീലകനായി എനിക്ക് പരിശീലകനായി കൂടെ നില്‍ക്കണമെന്നുള്ള ആഗ്രഹമുണ്ട്.'' ശ്രീജേഷ് പറഞ്ഞുനിര്‍ത്തി.

click me!