Sports Budget 2022-2023: ബജറ്റില്‍ ഖേലോ ഇന്ത്യക്ക് ഊന്നല്‍, കായികമേഖലക്ക് നീക്കിവെച്ചത് 3062.6 കോടി

By Web Team  |  First Published Feb 1, 2022, 7:02 PM IST

കഴിഞ്ഞ ബജറ്റില്‍ ഖേലോ ഇന്ത്യ പദ്ധതിക്കായി 657.71 കോടി രൂപ നീക്കിവെച്ചിടത്ത് ഇത്തവണ ബജറ്റില്‍ 974 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കളിക്കാര്‍ക്കുള്ള പ്രോത്സാഹനത്തിനും പുരസ്കാരങ്ങള്‍ക്കുമായുള്ള തുകയിലും സമാനമായ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ അനുവദിച്ച 245 കോടിയില്‍ നിന്ന് 357 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്.


ദില്ലി: ടോക്കിയോ ഒളിംപിക്സിസിലെ(Tokyo Olympics) ഇന്ത്യന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനുശേഷമുള്ള ആദ്യ ബജറ്റില്‍ കായിക മേഖലക്ക് 305.8 കോടി രൂപയുടെ അധിക വിഹിതം. 2022-2023 സാമ്പത്തി വര്‍ഷം കായിക മേഖലക്കായി 3062.60 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 305.8 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍ 2596.14 കോടി രൂപയായിരുന്നു ബജറ്റില്‍ കായികമേഖലക്കായി ആദ്യം നീക്കിവെച്ചത്. പിന്നീട് ഇത് പരിഷ്കരിച്ച് 2757.02 കോടി രൂപയാക്കിയിരുന്നു. ടോക്കിയോ ഒളിംപിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നീരജ് ചോപ്രയിലൂടെ  ആദ്യ സ്വര്‍ണം  ഉള്‍പ്പെടെ ഏഴ് മെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

Latest Videos

undefined

ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ പ്രധാന കായിക മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കായികമേഖലക്ക് പ്രത്യേക പരിഗണനയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഖേലോ ഇന്ത്യ(Khelo India) പദ്ധതിക്കായുള്ള വിഹിതത്തില്‍  316.29 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ ഖേലോ ഇന്ത്യ പദ്ധതിക്കായി 657.71 കോടി രൂപ നീക്കിവെച്ചിടത്ത് ഇത്തവണ ബജറ്റില്‍ 974 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കളിക്കാര്‍ക്കുള്ള പ്രോത്സാഹനത്തിനും പുരസ്കാരങ്ങള്‍ക്കുമായുള്ള തുകയിലും സമാനമായ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ അനുവദിച്ച 245 കോടിയില്‍ നിന്ന് 357 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്.

അതേസമയം, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)ക്കുള്ള ഫണ്ടില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് 7.41 കോടി രൂപ കുറവാണ് ഇത്തവണ മാറ്റിവെച്ചിരിക്കുന്നത്. 653 കോടി രൂപയാണ് സായ്ക്കായി ഇത്തവണത്തെ ബജറ്റ് വിഹിതം. ദേശീയ കായിക വികസന ഫണ്ടിലും സമാനമായ കുറവുണ്ട്. കഴിഞ്ഞ തവണ അനുവദിച്ച 16 കോടിയില്‍ നിന്ന് ഒമ്പത് കോടിയായി കുറഞ്ഞു. അതേസമയം നാഷണല്‍ സര്‍വീസ് സ്കീം(എന്‍എസ്എസ്) ഫണ്ടില്‍ വന്‍ വര്‍ധനയുണ്ട്. കഴിഞ്ഞ തവണത്തെ 165 കോടിയില്‍ നിന്ന് 283.50 കോടി രൂപയായാണ് വര്‍ധിച്ചത്. ദേശീയ കായിക ഫെഡറേഷനുകള്‍ക്കുള്ള ഫണ്ട് 280 കോടി രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്.

click me!