ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ ആരോഗ്യവും കായിക്ഷമയതയും കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍.
ടോക്യോ: ഒളിംപിക് വില്ലേജില്‍ സ്വന്തം താരങ്ങള്‍ക്ക് നാടന്‍ രുചിവൈവിധ്യം ഒരുക്കി തെക്കന്‍ കൊറിയ. ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ ആരോഗ്യവും കായിക്ഷമയതയും കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍. ഒളിംപിക് വില്ലേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണപ്പുരയില്‍ 700 വ്യത്യസ്ത വിഭവങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഇത്രയേറെ വിഭവങ്ങളുണ്ടെങ്കിലും സ്വന്തംതാരങ്ങള്‍ക്ക് തനത് ഭക്ഷണം തയ്യാറാക്കുകയാണ് തെക്കന്‍ കൊറിയ. സ്വന്തം നാട്ടിലെ അതേ രുചിക്കൂട്ടുളെല്ലാം കൊറിയന്‍ താരങ്ങളെ തേടിയെത്തും. പ്രത്യേക വിഭവങ്ങളായ ജാപ്‌ഷെ, ന്യൂഡില്‍സ് തുടങ്ങി കൊറിയന്‍ അച്ചാറുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ടാവും. ഇതിനായി ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളും ടോക്യോയില്‍ എത്തിച്ചുകഴിഞ്ഞു.
ഒളിംപിക് വില്ലേജിനടുത്തുള്ള ഹോട്ടലിലാണ് താരങ്ങള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ദിവസവും കൊറിയന്‍ ക്യാംപിലെ 420 പേര്‍ക്കാണ് ഭക്ഷണം നല്‍കുക. ഇതിനായി 14 പാചകക്കാര്‍, ന്യൂട്രീഷനിസ്റ്റ് എന്നിവരെയെല്ലാം എത്തിച്ചിട്ടുണ്ട്. ഓരോ താരങ്ങളുടെയും ആവശ്യത്തിനനുസരിച്ചാകും വിഭവങ്ങള്‍ തയാറാക്കുക.
2011ല്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ നടന്ന ആണവ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന ആശങ്കയിലാണ് തെക്കന്‍ കൊറിയയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജപ്പാനില്‍ സംഭരിക്കുന്ന പദാര്‍ത്ഥങ്ങളിലെ അണുവികിരണം പരിശോധിക്കാനും പ്രത്യേക സംഘം ടോക്കിയോയില്‍ എത്തിയിട്ടുണ്ട്.
ഫുകുഷിമ ദുരന്തത്തിനുശേഷം ജപ്പാനില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ ആഹാരസാധനങ്ങളും വിശദപരിശോധനയ്ക്കു ശേഷമാണ് വിപണിയിലെത്തിക്കുന്നത്.