ഉന്നം തെറ്റാതെ വട്ടിയൂര്‍ക്കാവ്; ഷൂട്ടിങ് അക്കാദമി പുനരാരംഭിക്കുന്നു, പരിശീലനവിവരങ്ങള്‍ അറിയാം

By Jomit Jose  |  First Published Jul 14, 2022, 6:38 PM IST

5000 രൂപയാണ് ഒരു മാസത്തെ പരിശീലനത്തിലുള്ള ഫീസ്. പരിശീലനത്തിനെത്തുന്ന തുടക്കക്കാര്‍ക്കാവശ്യമായ തോക്കുകളും പെല്ലറ്റുകളും അക്കാദമിയില്‍ നിന്നു ലഭിക്കും.


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഷൂട്ടിങ് അക്കാദമിയിലെ പരിശീലനം പുനരാരംഭിക്കുന്നു. 2020 ഫെബ്രുവരിയിലാണ് കേരളത്തിലെ ആദ്യത്തെ ഷൂട്ടിങ് അക്കാദമി വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊവിഡിനെത്തുടര്‍ന്നുണ്ടായ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അക്കാദമി ലക്ഷ്യത്തിലേക്ക് തിരിച്ചെത്തുകയാണ്. നാളെമുതല്‍ (15-07-2022)  അക്കാദമിയില്‍ പരിശീലനം പുനരാരംഭിക്കും. 

കൊവിഡിനെത്തുടര്‍ന്ന് അടച്ചിട്ടതിനുപിന്നാലെ ഷൂട്ടിങ് റേഞ്ചില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചിരുന്നു. ഇതിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നവീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഷൂട്ടിങ് അക്കാദമി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത്. 12 വയസിനു മുകളിലുള്ളവര്‍ക്ക് അക്കാദമിയില്‍ പരിശീലന സൗകര്യം ഉണ്ടായിരിക്കും. മുന്‍ ഒളിംപ്യന്‍ ആഭ ധില്ലനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നിന്നുള്ള അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ അംഗീകാരമുള്ള പരിശീലകരുടെ സംഘവും അക്കാദമിയിലുണ്ട്. 

Latest Videos

undefined

നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന അക്കാദമിയില്‍ രാവിലെ 7.30 മുതല്‍ 9.30വരെയും വൈകിട്ട് നാലു മുതല്‍ എട്ടുവരെയുമായി ആറു ബാച്ചുകളായാണ് പരിശീലനം. 5000 രൂപയാണ് ഒരു മാസത്തെ പരിശീലനത്തിലുള്ള ഫീസ്. പരിശീലനത്തിനെത്തുന്ന തുടക്കക്കാര്‍ക്കാവശ്യമായ തോക്കുകളും പെല്ലറ്റുകളും അക്കാദമിയില്‍ നിന്നു ലഭിക്കും. സാധാരണ സംഘടിപ്പിക്കാറുള്ള പരിശീലന ക്യാംപുകളില്‍ നിന്നും വ്യത്യസ്ഥമായി പരിശീലനം പൂര്‍ത്തിയാകുമ്പോഴേക്കും ഷൂട്ടര്‍മാരെ മത്സരങ്ങള്‍ക്കു സജ്ജമാക്കുന്ന രീതിയിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. 

ഒളിംപിക്‌സ് നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചില്‍ പരിശീലനം നടത്താനുള്ള അവസരമാണ് അക്കാദമി ഒരുക്കുന്നത്. കേരള ഷൂട്ടിങ് അക്കാദമിയുടെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നേരിട്ടെത്തിയോ 8610760497 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിന്റെ കായിക വികസനത്തിനും പ്രോത്സാഹനത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഷൂട്ടിങ് അക്കാദമി സജ്ജമാക്കിയിട്ടുള്ളത്. 

രാജ്യത്തെ തന്നെ ഏറ്റവും മികച്ച മൂന്നാമത്തെ ഷൂട്ടിങ് റേഞ്ചാണ് വട്ടിയൂര്‍ക്കാവിലേത്. ഡല്‍ഹിയിലും ഭോപ്പാലിലുമാണ് മറ്റു രണ്ടു റേഞ്ചുകളുള്ളത്. ദക്ഷിണേന്ത്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏക ഷൂട്ടിങ് റേഞ്ചുകൂടിയാണിത്. അതുകൊണ്ടുതന്നെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും പരിശീലനത്തിനും മറ്റുമായി നിരവധി ഷൂട്ടര്‍മാര്‍ വട്ടിയൂര്‍ക്കാവ് റേഞ്ചിലെത്തുന്നുണ്ട്. കേരള ഷൂട്ടിങ് അക്കാദമിയിലെ പരിശീലനത്തിനു പുറമേ. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്. ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഷൂട്ടര്‍മാര്‍, എന്‍സിസി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ക്ക് പരിശീലനത്തിന് സൗകര്യമുണ്ട്. നിലവില്‍ ഇന്ത്യന്‍ കരസേനയുടെയും സിആര്‍പിഎഫിന്റെയും പരിശീലനം വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്നുണ്ട്.

ENG vs IND : ഈ ഇന്ത്യന്‍ ടീമിന്‍റെ കരുത്തിന് കാരണമെന്ത്? മറുപടിയുമായി മൈക്കല്‍ വോണ്‍, ഒപ്പമൊരു പ്രവചനവും

click me!