ഉത്തേജക മരുന്ന് ഉപയോഗം, ദ്യുതി ചന്ദിന് 4 വര്‍ഷം വിലക്ക്; ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

By Web Team  |  First Published Aug 18, 2023, 12:12 PM IST

ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ദ്യുതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനും 26നും ആണ് നാഡ ദ്യുതിയുടെ സാംപിളുകള്‍ പരിശോധനക്കായി എടുത്തത്.


ദില്ലി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിന് നാലു വര്‍ഷ വിലക്ക്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയിലെ വേഗമേറിയ താരമായ ദ്യുതിക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാലു വര്‍ഷ വിലക്കേര്‍പ്പെടുത്തിയത്. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിക്സില്‍ 100 മീറ്റര്‍ ദൂരം 11.17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതി രാജ്യത്തേ വേഗമേറിയ വനിതാ അത്‌ലറ്റായത്.

ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ദ്യുതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനും 26നും ആണ് നാഡ ദ്യുതിയുടെ സാംപിളുകള്‍ പരിശോധനക്കായി എടുത്തത്. രണ്ട് പരിശോധനകളിലും ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ഏഴ് ദിവസത്തിനകം ബി സാംപിള്‍ പരിശോധനക്ക് അവസരമുണ്ടായിരുന്നങ്കിലും ദ്യുതി അതിന് തയാറായില്ല. വിലക്ക് നിലവില്‍ വന്ന കാലയളവുമുതല്‍ ദ്യുതി പങ്കെടുത്ത മത്സരങ്ങളിലെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കുമെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി അധ്യക്ഷ ചൈതന്യ മഹാജന്‍ പറഞ്ഞു.

Latest Videos

undefined

ഉത്തേജക മരുന്ന് ഉപയോഗം, ദ്യുതി ചന്ദിന് സസ്പെന്‍ഷന്‍

ഉത്തേജകമരുന്ന് എങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് നാഡയെ ബോധിപ്പിക്കാന്‍ ദ്യുതി ചന്ദിനായെങ്കിലും ഇക്കാര്യത്തില്‍ അശ്രദ്ധയോ പിഴവോ ബോധ്യപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വമുള്ള വീഴ്ചയായി കണ്ടാണ് നാഡ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയിട്ടുള്ള താരമാണ് ദ്യുതി.  ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്.

രാജ്യത്തെ വേഗമേറിയ താരമാണ് 26കാരിയായ ദ്യുതി.4* 100 മീറ്റര്‍ റിലേ ടീമിലും ഇന്ത്യയുടെ നിര്‍ണായക താരമാണ്. 2014ല്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ  അളവ് ശരീരത്തില്‍ അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നും ദ്യുതിയെ വിലക്കിയിരുന്നു. അടുത്ത മാസം ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്‍റെ തയാറെടുപ്പ് ക്യാംപില്‍ ദ്യുതി പങ്കെടുത്തിരുന്നില്ലന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. വിലക്കിനെതിരെ 26കാരിയായ ദ്യുതിക്ക് 21 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

click me!