ഫ്രഞ്ച് ഓപ്പണില്‍ സെറീന ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; സിറ്റ്‌സിപാസും മെദ്‌വദേവും നേര്‍ക്കുനേര്‍

By Web Team  |  First Published Jun 6, 2021, 11:09 PM IST

നാലാം റൗണ്ടില്‍ കസാഖ്സ്ഥാന്റെ എലേന റിബകിനയാണ് ഏഴാം സീഡായ സെറീനയെ അട്ടിമറിച്ചത്. റിബകിനയ്‌ക്കൊപ്പം അനസ്താസിയ പവ്‌ല്യുചെങ്കോവയും ക്വാര്‍ട്ടറില്‍ കടന്നു.


പാരീസ്: മുന്‍ ചാംപ്യന്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നാലാം റൗണ്ടില്‍ കസാഖ്സ്ഥാന്റെ എലേന റിബകിനയാണ് ഏഴാം സീഡായ സെറീനയെ അട്ടിമറിച്ചത്. റിബകിനയ്‌ക്കൊപ്പം അനസ്താസിയ പവ്‌ല്യുചെങ്കോവയും ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ വിഭാഗത്തില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, ഡാനില്‍ മെദ്‌വദേവ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. അതേസമയം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. 

ഏഴാം സീഡായ സെറീനയ്‌ക്കെതിരെ നേരിട്ട സെറ്റുകള്‍ക്കായിരുന്നു റിബകിനയുടെ ജയം. സ്‌കോര്‍ 3-6, 5-7. ടൂര്‍ണമെന്റിലെ 21-ാം സീഡായിരുന്നു കസാഖ് താരം. ഫ്രഞ്ച് ഓപ്പണില്‍ 2002, 2013, 2015 വര്‍ഷങ്ങളില്‍ ചാംപ്യനായിരുന്നു സെറീന. ബലാറസിന്റെ വിക്‌റ്റോറിയ അസരങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പവ്‌ല്യുചെങ്കോവ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 3-6, 2-6. 

Latest Videos

12-ാം സീഡ് കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ക്വാര്‍ട്ടറിലെത്തിയത് 6-3, 6-2, 7-5നായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം. ക്വാര്‍ട്ടറില്‍ മെദ്‌വദേവാണ് ഗ്രീക്ക് താരത്തിന്റെ എതിരാളി. ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനെ തോല്‍പ്പിച്ചാണ് രണ്ടാം സീഡായ റഷ്യയുടെ മെദ്‌വദേവ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദ്‌വദേവിന്റെ ജയം. സ്‌കോര്‍ 2-6. 1-6, 7-5. ഇരുവരും മുമ്പ് ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണയും മെദ്‌വദേവാണ് ജയിച്ചത്. ഒരു തവണ ജയം സിറ്റ്‌സിപാസിന്റെ കൂടെ നിന്നു.

ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഫെഡറര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ഇന്നലെ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറര്‍ സൂചിപ്പിച്ചിരുന്നു. മെഡിക്കല്‍ സംഘത്തോട് ആലോചിച്ച ശേഷമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് ഫെഡറര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

click me!