'പോയിന്റ് പട്ടികയിൽ നവാമുകുന്ദ, രണ്ടാം സ്ഥാനം പ്രഖ്യാപിച്ചത് പക്ഷെ ജിവി രാജയ്ക്ക്' സ്കൂളുകൾ ഹൈക്കോടതിയിലേക്ക്

By Web Team  |  First Published Nov 12, 2024, 8:10 AM IST

ജിവി രാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെ സ്കൂളുകൾ ഹൈക്കോടതിയിലേക്ക്


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ  ജിവി രാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെ സ്കൂളുകൾ ഹൈക്കോടതിയിലേക്ക് നവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾ ആണ്‌ കോടതിയെ സമീപിക്കുക. പോയിന്റ് പട്ടികയിൽ നവാമുകുന്ദ രണ്ടും മാർ ബേസിൽ മൂന്നും സ്ഥാനത്ത് ആയിരുന്നു. എന്നാൽ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സ്പോർട്സ് സ്കൂൾ ആയ ജിവി രാജയ്ക്ക് നൽകി. തുടര്‍ന്നാണ് സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ നാവാമുകുന്ദ മർബേസിൽ സ്കൂളുകൾ ധാരണയിൽ എത്തിയത്. അർഹിച്ച അംഗീകാരം തട്ടിയെടുത്തു എന്നാണഅ സ്കൂളുകളുടെ ആരോപണം.

സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിൽ കഴിഞ്ഞ ദിവസം തന്നെ പ്രതിഷേധമുണ്ടായിരുന്നു. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നായിരുന്നു പരാതി. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധവും നടന്നു. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. 

Latest Videos

അതേസമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് രണ്ടാം സ്ഥാനം ലഭിച്ച വിവരം അറിഞ്ഞതെന്നും പരിശീലകന്‍ അജിമോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജിവി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു. 

കായിക മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി അന്വേഷിച്ചു തീരുമാനം എടുക്കാമെന്നു അപ്പോൾ തന്നെ പറഞ്ഞതാണെന്നും പറഞ്ഞത് കേൾക്കാതെ മേളയെ മനഃപൂർവം കലക്കാൻ ശ്രമം ഉണ്ടായി എന്നുമാണ് വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. അധ്യാപകരുടെ നേതൃത്വത്തിൽ അതിനു ശ്രമം ഉണ്ടായി. കുട്ടികളെ ഇളക്കി വിടുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

സ്കൂൾ കായിക മേള സമാപന ചടങ്ങിനിടെ സംഘർഷം; പോയിന്റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!