വിനേഷ് ഫോഗട്ട് സെമിയില്‍ മലര്‍ത്തിയടിച്ച താരത്തെ വീഴ്ത്തി അമേരിക്കൻ താരത്തിന് ഗുസ്തി സ്വര്‍ണം

By Web Team  |  First Published Aug 8, 2024, 9:35 AM IST

വെങ്കല മെഡല്‍ പോരാട്ടത്തില്‍ വിനേഷ് ഫോഗട്ട് പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ യ്യു സുസാക്കി വിനേഷ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച യുക്രൈന്‍ താരം ഒക്സാന ലിവാച്ചിനെ തോല്‍പ്പിച്ച് വെങ്കലം നേടി.


പാരീസ്: പാരീസ് ഒളിംപിക്സിലെ 50 കിലോ ഗ്രാം വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ അമേരിക്കൻ താരം സാറ ഹില്‍ഡെബ്രാന്‍ഡിന് സ്വര്‍ണം.സെമിയില്‍ വിനേഷ് ഫോഗട്ട് ഏകപക്ഷീയമായി മലര്‍ത്തിയടിച്ച ക്യൂബന്‍ താരം യൂസ്നെലിസ് ഗുസ്മാന്‍ ലോപസിനെ വീഴ്ത്തിയാണ് സാറ സ്വര്‍ണമണിഞ്ഞത്. സ്കോര്‍ 3-0. ടോക്കിയോ ഒളിംപിക്സില്‍ സാറ ഇതേ വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു.

തനിക്കിത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നുസ്വര്‍ണം നേടിയശേഷം സാറയുടെ പ്രതികരണം.ഭാരം കൂടിയതിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് ഫൈനലില്‍ മത്സരിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് നിരാശയും ദു:ഖവുമുണ്ടെന്ന് പറഞ്ഞ സാറ, വിനേഷ് മികച്ച പോരാളിയും വ്യക്തിയുമാണെന്നും മത്സരശേഷം പറഞ്ഞു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ വിനേഷ് ഫോഗട്ട് പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ യു സുസാക്കി വിനേഷ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച യുക്രൈന്‍ താരം ഒക്സാന ലിവാച്ചിനെ തോല്‍പ്പിച്ച് വെങ്കലം നേടി.

Latest Videos

undefined

പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നഷ്ടം, പ്രതീക്ഷകളുടെ ഭാരം താങ്ങാനാനാവാതെ മീരാഭായ്; അവിനാഷ് സാബ്‌ലെക്കും നിരാശ

ഇന്നലെ സ്വര്‍ണമെഡല്‍ മത്സരത്തിന് മുമ്പുള്ള ഭാരപരിശോധനയിലാണ് വിനേഷ് ഫോഗട്ടിന് അനുവദനീയമായ 50 കിലോയെക്കാള്‍ 100 ഗ്രാം അധികഭാരമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയും മത്സരിച്ചവരില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തിരുന്നു. ഫൈനലിലെത്തിയതിനാല്‍ വെള്ളി മെഡലെങ്കിലും നല്‍കണമെന്ന വിനേഷിന്‍റെയും ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍റെയും അപ്പീലില്‍ കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് വിധി പറയും. അതിനിടെ വിനേഷ് ഇന്ന് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.'ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു'. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. നിര്‍ജ്ജലീകരണം കാരണം പാരീസിലെ ഒളിംപിക്സ് വില്ലേജിലെ ആശുപത്രിയിലാണ് ഇപ്പോള്‍ വിനേഷുള്ളത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!