സാനിയ മിര്‍സയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ എന്നും അഭിമാനമെന്ന് ഇതിഹാസം

By Web Team  |  First Published Mar 11, 2023, 4:04 PM IST

പ്രധാനമന്ത്രിയുടെ സ്നേഹോഷ്മളമായ ആശംസയ്ക്കും പ്രചോദനകരമായ വാക്കുകള്‍ക്കും നന്ദിയറിയിക്കുന്നു എന്ന് സാനിയ മിര്‍സ 


ദില്ലി: വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചോദനകരമായ വാക്കുകള്‍ക്ക് പ്രധാനമന്ത്രിക്ക് സാനിയ മിര്‍സ നന്ദി അറിയിച്ചു. 

പ്രധാനമന്ത്രിയുടെ ആശംസ 

Latest Videos

undefined

'ചാമ്പ്യന്‍ സാനിയ' എന്ന വിശേഷണത്തോടെയാണ് സാനിയ മിര്‍സയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ ആരംഭിക്കുന്നത്. 'ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും. നിങ്ങള്‍ ടെന്നീസ് കരിയര്‍ ആരംഭിക്കുന്നത് വളരെ വിഷമമേറിയ കാലഘട്ടത്തിലായിരുന്നു. എന്നാല്‍ സാനിയ കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായാണ്. സാനിയക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കളെയും ഞ‌ാന്‍ പ്രശംസിക്കുന്നു. വരും വ‍ര്‍ഷങ്ങളില്‍ സാനിയയില്‍ നിന്ന് ഇന്ത്യന്‍ കായികസമൂഹം കൂടുതല്‍ പ്രതീക്ഷിക്കുന്നു. യുവതാരങ്ങളെ വള‍ര്‍ത്തിയെടുക്കാന്‍ സാനിയക്ക് സാധിക്കട്ടേ എന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തോടൊപ്പം, മകനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയട്ടേ. ഇന്ത്യക്കായി നേടിയ എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ ഭാവി പദ്ധതികള്‍ക്കും ആശംസകള്‍' എന്നായിരുന്നു സാനിയ മിര്‍സയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ കത്ത്. 

നന്ദി പറഞ്ഞ് സാനിയ

'പ്രധാനമന്ത്രിയുടെ സ്നേഹോഷ്മളമായ ആശംസയ്ക്കും പ്രചോദനകരമായ വാക്കുകള്‍ക്കും നന്ദിയറിയിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെയെറെ അഭിമാനമുണ്ട്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. എല്ലാവിധ പിന്തുണയ്ക്കും നന്ദി പറയുന്നു' എന്നുമാണ് മറുപടിയായി സാനിയ മിര്‍സ ട്വീറ്റ് ചെയ്തതത്. 

I would like to thank you Honorable Prime Minister Ji for such kind and inspiring words .I have always taken great pride in representing our country to the best of my ability and will continue to do whatever I can to make India proud . Thank you for your support. pic.twitter.com/8q2kZ2LZEN

— Sania Mirza (@MirzaSania)

ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ സാനിയ മിര്‍സ വിരമിച്ചിരുന്നു. ഇതിന് ശേഷം പ്രൊഫഷണല്‍ കരിയറും അവസാനിപ്പിച്ചു. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തിയത് 2003ലാണ്. 2013ല്‍ സിംഗില്‍സ് മതിയാക്കി ഡബിള്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻഡ്‌സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. ആറ് ഗ്ലാൻഡ്‌സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങള്‍ പേരിലാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്‌ന അംഗീകാരങ്ങള്‍ നല്‍കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു.

click me!